2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ക്രിക്കറ്റ് ഇസ്‌ലാമും തമ്മിലെന്ത് ബന്ധം; പാക് ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉവൈസി

മുസാഫര്‍ നഗര്‍: ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയത്തെ ഇസ്‌ലാമിന്റെ വിജയമെന്ന് പ്രസ്താവന നടത്തിയ പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷീദിന്റെ നടപടിയെ അപലപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി. ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ് ലാമിന് എന്ത് ബന്ധമാണുള്ളതെന്ന് ഉവൈസി ചോദിച്ചു. മുസാഫര്‍ നഗറില്‍ സംഘടിപ്പിച്ച പൊതുറാലിയിലാണ് പാക് മന്ത്രിക്കെതിരെ ഉവൈസി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

‘നമ്മുടെ അയല്‍ രാജ്യത്തെ ഒരു മന്ത്രി പറയുന്നത്, ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലെ വിജയം ഇസ്‌ലാമിന്റെ വിജയമാണെന്നാണ്. ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ്‌ലാമിന് എന്ത് ബന്ധമാണുള്ളത്’ ഉവൈസി ചോദിച്ചു.

‘നമ്മുടെ പൂര്‍വികര്‍ അവിടെ (പാകിസ്താന്‍) പോകാത്തതിന് അല്ലാഹുവിന് നന്ദി, അല്ലെങ്കില്‍ ഈ ഭ്രാന്തന്മാരെ കാണേണ്ടി വരും’ ഉവൈസി കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് പാക് മന്ത്രി ശൈഖ് റഷീദ് ക്രിക്കറ്റ് ടീമിന്റെ വിജയത്തെ ഇസ് ലാമുമായി കൂട്ടിക്കെട്ടിയത്. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരം പാകിസ്താന്‍ ക്രിക്കറ്റ് ടീമിനൊപ്പമായിരുന്നുവെന്നും മന്ത്രി ശൈഖ് റഷീദ് പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.