2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്തും ആലി മുസ്‌ലിയാരും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാംസ്‌കാരികചരിത്ര ഗവേഷണ മന്ത്രാലയം 2019 ല്‍ പുറത്തിറക്കിയ പുസ്തകത്തിന് അഞ്ച് വോള്യങ്ങളാണുള്ളത്. പ്രതിപാദിക്കുന്നുണ്ട്. അഞ്ചാം വോള്യത്തിലാണ് ആലി മുസ്‌ലിയാരരേക്കുറിച്ചും വാരിയന്‍ കുന്നത്തിനേക്കുറിച്ചും പ്രതിപാദിക്കുന്നത്.

ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ആലിമുസ്‌ലിയാരുടെ സഹചാരിയും പോരാട്ടങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി എന്നു തുടങ്ങി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിവരങ്ങളും കുഞ്ഞഹമ്മദ് ഹാജിയേയും പിതാവിനേയും മക്കയിലേക്ക് നാടുകടത്തിയതും തിരിച്ചെത്തിയിട്ടും ഖിലാഫത്ത് നേതാവായി പ്രവര്‍ത്തനം തുടര്‍ന്നതുമെല്ലാം പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

   

‘പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലിമുസ്‌ലിയാരുടെയും ബന്ധുവും സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി.
ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും മക്കയിലേക്കു നാടുകടത്തപ്പെട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ മടങ്ങി എത്തി. പക്ഷേ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചില്ല. തുടര്‍ന്ന്, ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറി.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദഹം പല തവണ പോരാട്ട സമരങ്ങള്‍ക്ക് നേതൃത്യം നല്‍കി.ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെ കുറച്ചുകാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ഏറനാടന്‍ പ്രദേശങ്ങളിലെ ഭരണാധികാരിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്വയം പ്രഖ്യാപിച്ചു’-പുസ്തകത്തില്‍ പറയുന്നു.


1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാര്‍ അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തിയതും പരാമര്‍ശിക്കുന്നുണ്ട്. ആലി മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാരിയന്‍കുന്നത്തിന്റെ ജീവിതം പ്രമേയമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തെച്ചൊല്ലി കേരളത്തില്‍ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. ഹൈന്ദവര്‍ക്കെതിരെ നടന്ന അക്രമമായിരുന്നു മലബാര്‍ കലാപമെന്നായിരുന്നു എന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും വിമര്‍ശനം. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും വലിയ സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.