2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്ന് നടി ഊര്‍മിള മണ്ഡോദ്കര്‍

കശ്മീര്‍: നടി ഊര്‍മിള മണ്ഡോദ്കര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അണിനിരന്നു. ജമ്മു കശ്മീരില്‍ അവസാന ഘട്ടത്തിലൂടെ മുന്നേറുന്ന യാത്രയില്‍ ചൊവ്വാഴ്ചയാണ് ഊര്‍മിളയും പങ്കുചേര്‍ന്നത്.കോണ്‍ഗ്രസ് നേതാക്കള്‍ ഊര്‍മിളയെ റാലിയിലേക്ക് സ്വാഗതം ചെയ്തു. ‘താരങ്ങള്‍ ചേരുമ്പോള്‍ യാത്ര കൂടുതല്‍ തിളങ്ങും’ കോണ്‍ഗ്രസ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

മാര്‍ച്ച് ആരംഭിച്ചതുമുതല്‍ പല പ്രമുഖരും ഭാരത് ജോഡോ യാത്രയെ അനുഗമിച്ചിരുന്നു. കോണ്‍ഗ്രസിനു പുറത്തുള്ള നിരവധി പേരാണ് യാത്രയില്‍ പങ്കുചേര്‍ന്നത്. നടി പൂജ ഭട്ട്, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യാത്രയില്‍ പങ്കാളികളായി. കഴിഞ്ഞ മാസം കമല്‍ ഹാസനും യാത്രയില്‍ പ?ങ്കെടുത്തിരുന്നു.

രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന ദൃശ്യങ്ങള്‍ ഊര്‍മിള മണ്ഡോദ്കറും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ഐക്യത്തിനും അടുപ്പത്തിനും തുല്യതക്കും സാഹോദര്യത്തിനും വേണ്ടിയുള്ള നടത്തം’ എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ പങ്കുവെച്ചത്.

നേരത്തെ കോണ്‍ഗ്രസിന് ഒപ്പമായിരുന്ന ഊര്‍മിള 2019 സെപ്തംബറിലാണ് പാര്‍ട്ടി വിട്ടത്. 2020ല്‍ ശിവസേനയില്‍ ചേര്‍ന്നു.

സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലാണ്. ജനുവരി 30ന് യാത്ര ശ്രീനഗറില്‍ സമാപിക്കും. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യവുമായാണ് യാത്ര പ്രയാണം തുടരുന്നത്. രാജ്യമാകെ 3570 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിച്ച യാത്ര കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ജമ്മു കശ്മീരിലെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.