2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഉത്തര്‍പ്രദേശ് കൊവിഡിനെതിരെ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം’; യോഗിക്ക് മോദിയുടെ പെര്‍ഫെക്ട് ഒ.കെ സര്‍ട്ടിഫിക്കറ്റ്

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രി. കൊവിഡിന്റെ രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് സമാനതകളില്ലാത്ത രീതിയില്‍ നേരിട്ടുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.

രണ്ടാംതരംഗത്തിന്റെ കൊടുമുടിയില്‍ യു.പിയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും മഹാമാരിയെ കൈകാര്യം ചെയ്ത രീതി പ്രശംസക്ക് അര്‍ഹമാണെന്നും മോദി പറഞ്ഞു.

‘യു.പി നിവര്‍ന്നുനിന്ന് വൈറസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇന്ത്യയില്‍ ജനസംഖ്യ ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് യുപി അതിനാല്‍ മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസക്ക് അര്‍ഹമാണ്. സമാനതകളില്ലാത്ത രീതിയില്‍ യു.പി കൊവിഡിന്റെ രണ്ടാംതരംഗത്തെ നേരിട്ടു’ മോദി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരോടും മുന്‍നിര പ്രവര്‍ത്തകരോടും മോദി ആദരവ് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ വാക്‌സിനേഷന്റെ എണ്ണത്തിലും യു.പിയെ പ്രശംസിച്ചു. കോവിന്‍ പ്ലാറ്റ്‌ഫോമിലുടെ കണക്കുകള്‍ പ്രകാരം 3.89കോടി പേര്‍ യു.പിയില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനും കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് ഭരണകൂടത്തെ പ്രശംസിച്ചുള്ള മോദിയുടെ പ്രസംഗം. കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ യു.പി സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഗംഗയിലൂടെ കൊവിഡ് ബാധിതരുടെ മൃതദേഹം ഒഴുകിനടന്നതുള്‍പ്പെടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.