ലഖ്‌നൗ: മൊബൈല്‍ ഫോണില്‍ പാകിസ്താനി ഗാനം കേട്ടതിന് രണ്ട് മുസ്‌ലിം കുട്ടികള്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലിസ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബുധനാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. 16 വയസ്സുള്ള നഈം 17കാരനായ മുസ്തഖീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തല്‍, മനപ്പൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. യു.പി സ്വദേശിയായ ആശിഷ് പകര്‍ത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പാകിസ്താന്‍ ബാലതാരമായ ആരിഫിന്റെ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന ഗാനം കേട്ട തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. 40 സെക്കന്‍ഡില്‍ താഴെയുള്ള പാട്ട് അബദ്ധത്തിലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നതായും ബന്ധുവായ സദ്ദാം ഹുസൈന്‍ പറഞ്ഞു. ഇതിനിടെ ആശിഷ് ദൃശ്യം മൊബൈലില്‍ പകര്‍ത്തി നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പാട്ട് കേള്‍ക്കുന്നതിനെ ആശിഷ് എതിര്‍ത്തപ്പോള്‍ ഇരുവരും തര്‍ക്കിച്ചെന്നും പിന്നാലെ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ അപ് ലോഡ് ചെയ്യുകയായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാട്ട് കേള്‍ക്കുന്നത് നിര്‍ത്താര്‍ പരാതിക്കാരന്‍ ഇരുവരോടും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അസഭ്യം പറയുകയും ഇന്ത്യയെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഇരുവരെയും ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നതായി ബറേലി പൊലിസ് സൂപ്രണ്ട് രോഹിത് സിങ് സജ് വാന്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ രാത്രിയില്‍ കസ്റ്റഡിയിലെടുത്തിരുന്നോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
Comments are closed for this post.