2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

താടിവെച്ചതിന്റെ പേരില്‍ യു.പിയില്‍ മുസ്‌ലിം പൊലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍; പുറത്താക്കിയത് 25 വര്‍ഷം സര്‍വ്വീസുള്ളയാളെ

ലഖ്‌നൗ: താടി വെച്ചതിന്റെ പേരില്‍ യു.പിയില്‍ മുസ്‌ലിം പൊലിസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. മേലുദ്യോഗസ്ഥരോട് അനുമതി വാങ്ങാതെ താടി വളര്‍ത്തുക വഴി അദ്ദേഹം ഡ്രസ്‌കോഡ് മാനദണ്ഡങ്ങല്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. റാമല പൊലിസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍ ഇന്‍തിസാര്‍ അലിക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാല്‍ താന്‍ കഴിഞ്ഞ നവംബറില്‍
അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ 25 വര്‍ഷത്തെ സര്‍വ്വീസിനിടക്ക് താടി വെച്ചത് മൂലം ജോലിക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിക്ക് മതവിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ അനുമതിയില്ലാതെ താടി വെക്കരുതെന്നാണ് പൊലിസ് ഡ്രസ്‌കോഡ് അനുശാസിക്കുന്നത്.

അലിക്ക് നേരത്തെ തന്നെ ഷോക്കോസ് നല്‍കിയിരുന്നുവെന്നാണ് ഭാഗ്പത് എസ്.പി പ്രതികരിച്ചത്. നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടും അദ്ദേഹം അത് അവഗണിച്ചെന്നും എസ്.പി അഭിഷേക് സിങ് ചൂണ്ടിക്കാട്ടി.

1994ലാണ് അലി കോണ്‍സ്റ്റബിളായി ചുമതലയേല്‍ക്കുന്നത്. അന്നു മുതല്‍ തന്നെ താന്‍ താടി വളര്‍ത്തുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥനത്തെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ഒരു വിഷയമായിട്ടില്ല. കഴിഞ്ഞ വര്‍ഷം താന്‍ ലീവിന് അപേക്ഷിച്ചിരുന്നു. അന്ന് എസ്.പിയായിരുന്ന പ്രതാപ് ഗോപേന്ദ്ര യാദവ് ആണ് ആദ്യമായി തന്നോട് ഇക്കാര്യം അവശ്യപ്പെട്ടതെന്നും അലി പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.