2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ യു.പി മന്ത്രി കോടതിയില്‍; ബാങ്ക് വിളിമൂലം ജോലി മുടങ്ങുന്നുവെന്ന്

ലഖ്‌നോ: മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ യു.പി ഗ്രാമവികസന, പാര്‍ലമെന്ററി കാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല കോടതിയില്‍. സമീപത്തെ പള്ളിയില്‍നിന്ന് അഞ്ചുനേരം ബാങ്കുവിളിക്കുന്നത് യോഗ, ധ്യാനം, പൂജ, സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് ശുക്ലയുടെ പരാതി. ചൊവ്വാഴ്ചയാണ് മന്ത്രി ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയത്.

‘ദിവസം അഞ്ച് തവണയാണ് നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുന്നത്. ഇത് യോഗ, ധ്യാനം, പൂജ, സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവ നിര്‍വഹിക്കാന്‍ എനിക്ക് തടസ്സം സൃഷ്ടിക്കുന്നു” തന്റെ മണ്ഡലത്തിലെ കജിപുര മദീന മസ്ജിദിന്റെ പേര് പരാമര്‍ശിച്ച് എഴുതിയ പരാതിയില്‍ ശുക്ല ചൂണ്ടിക്കാട്ടുന്നു. പള്ളിക്ക് സമീപം നിരവധി സ്‌കൂളുകള്‍ ഉണ്ടെന്നും അവരുടെ പഠനത്തിനും ബാങ്ക് വിളി തടസ്സമാകുന്നുണ്ടെന്നും പരാതിയിലുണ്ട്.

‘ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങള്‍ അറിയിക്കുന്നത്. പള്ളി നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നത് സംബന്ധിച്ചും ഉയര്‍ന്ന ശബ്ദത്തില്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാര്‍ കടുത്ത ശബ്ദ മലിനീകരണം നേരിടുന്നു’ മന്ത്രി പറഞ്ഞു. ഇതില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള നടപടി കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദ്ദേശിക്കുന്നു.

അലഹബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദ പരിധി നിശ്ചയിക്കണം. ആവശ്യമെങ്കില്‍ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം മന്ത്രി ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം അലഹബാദ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവയും സമാനമായ പരാതി നല്‍കിയിരുന്നു. അതിരാവിലെ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനാല്‍ ഉറക്കം ശരിയാകുന്നില്ലെന്നും ഇത് ദിവസം മുഴുവന്‍ തലവേദനക്ക് കാരണമാകുന്നുവെന്നുമായിരുന്നു സംഗീതയുടെ പരാതി. ഉറക്കമില്ലാത്തത് തന്റെ ജോലിയെ ബാധിക്കുന്നുണ്ടെന്നും ബാങ്ക് വിളി ശബ്ദം ക്രമീകരിക്കണമെന്നും സംഗീത ആവശ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.