2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പശു ഭീകരത വീണ്ടും?; ഹരിയാനയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ തട്ടിക്കൊണ്ടുപോയി, ക്രൂരമായി മര്‍ദ്ദിച്ചു ജീവനോടെ തീയിട്ടു കൊന്നു

കൊല്ലപ്പെട്ടത് രാജസ്ഥാനില്‍ നിന്ന് കാണാതായ യുവാക്കള്‍

 

ചണ്ഡിഗഡ്: പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ തീയിട്ടു കൊന്നു. ഹരിയാനയിലെ ഭീവാനി ജില്ലയിലാണ് സംഭവം. ജുനൈദ് (35) നാസിര്‍ (25) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് തീയിട്ടു കൊല്ലുകയായിരുന്നുവെന്നാണ് സൂചന. ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാഹനവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.

ഇവരെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നും ഇവര്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ ബജ്രംഗ്ദള്‍ നേതാവ് മോനു മനേസര്‍ ആണെന്നും ഇവര്‍ ആരോപിക്കുന്നു.

 

ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. രാജസ്ഥാനിലെ ഗോപാല്‍ഗഢ് സ്വദേശികളാണ് നാസിറും ജുനൈദും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്‌റംഗ് ദള്‍ നേതാക്കളായ മോനു മനേശ്വര്‍, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മൃതദേഹം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു. ഗോപാല്‍ഗഢ് എസ്.എച്ച്.ഒ ആണ് കേസ് അന്വേഷിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.