2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച നായകന്‍; (ജനനം: 1750 നവംബര്‍ 20- മരണം:1799 മേയ് 4)

സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിന് എക്കാലവും പേടി സ്വപ്‌നമായിരുന്നൊരാള്‍ സാമ്രാജ്യത്വത്തോട് ഒട്ടും വിട്ടുവീഴ്ച ചെയ്യാതിരുന്നൊരു ഭരണാധികാരി. ഒടുവില്‍ അടര്‍ക്കളത്തില്‍ പടപൊരുതി ധീരരക്ഷസാക്ഷി. ഒരേഒരാള്‍. ഫത്തഹ് അലിഖാന്‍ ടിപ്പു എന്ന ടിപ്പുസുല്‍ത്താന്‍. പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ചിരുന്ന ഒരു നാട്ടുരാജാവ് മാത്രമായിരുന്നില്ല ടിപ്പു സുല്‍ത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ ‘മൈസൂര്‍ കടുവ’ തന്നെയായിരുന്നു അദ്ദേഹം.

1750 നവംബര്‍ 20 മൈസൂര്‍ ഭരണാധികാരി ഹൈദരലിയുടെയും ഫക്രുന്നീസയുടെയും ആദ്യത്തെ പുത്രനായാണ് ഫത്തഹ് അലിഖാന്‍ ജനിച്ചത്. 1782 ല്‍ പിതാവ് ഹൈദരലിയുടെ മരണശേഷം 1799 വരെ പതിനേഴ് വര്‍ഷക്കാലമാണ് അദ്ദേഹം മൈസൂര്‍ സാമ്രാജ്യം ഭരിച്ചത്. മലബാറും, മദിരാശിയും, ശ്രീരംഗപട്ടണവും, ബംഗലൂരുവും, മംഗലൂരുവുമെല്ലാമടങ്ങുന്ന തെന്നിന്ത്യയിലെ വിശാല ഭൂപ്രദേശം അദ്ദേഹം ഭരിച്ചു.

ഒരു സമര്‍ത്ഥനായ ഭരണാധികാരിയും അതിലുപരി പ്രഗല്‍ഭനായ പണ്ഡിതനുമായിരുന്നു ടിപ്പു സുല്‍ത്താന്‍ എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. സാമൂഹിക വിപ്ലവം തീര്‍ത്ത ഒട്ടനവധി ഭരണപരിഷ്‌കാരങ്ങള്‍ക്ക് ടിപ്പു തുടക്കം കുറിച്ചു.

ടിപ്പു കേരളത്തില്‍

ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭൂബന്ധങ്ങളുള്ള മധ്യകാല കേരളത്തില്‍ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാര്‍ അധിനിവേശകാലത്താണ്. ഫ്യൂഡല്‍ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു തന്നെ, ടിപ്പുവിന്റെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന മീര്‍ ഇബ്രാഹീം1784-ല്‍ നടത്തിയ നികുതി- കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ജന്മിമാരില്‍ കാര്യമായ പ്രതിഷേധമുയര്‍ത്തി. മലബാര്‍ കുരിക്കളെപ്പോലുള്ള ജന്മിമാര്‍ ടിപ്പുവിനെതിരെ കലാപമുയര്‍ത്താന്‍ കാരണം ഇത്തരത്തിലുള്ള നികുതി പരിഷ്‌കാരങ്ങളായിരുന്നുവെന്ന് ചരിത്രകാരനായ കെ.എം പണിക്കര്‍ നിരീക്ഷിക്കുന്നു.

മലബാര്‍ ഉപേക്ഷിച്ച് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ട ബ്രാഹ്‌മണജന്മിമാരുടെ ഭൂമി കുടിയാന്‍മാര്‍ക്ക് സ്ഥിരാവകാശമായി നല്‍കിക്കൊണ്ട് ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഭൂബന്ധങ്ങള്‍ക്ക് ആദ്യമായി തിരുത്തല്‍ കുറിച്ച ഭരണാധികാരിയായിരുന്നു ടിപ്പു. ടിപ്പുവിന്റെ പിതാവ് ഹൈദറിന്റെ കാലത്ത് ക്ഷേത്രങ്ങളുടെയും ബ്രാഹ്‌മണരുടെയും ഭൂമിക്ക് നികുതി ഈടാക്കിയിരുന്നില്ല.

ഈ സമ്പ്രദായത്തിന് ടിപ്പു അറുതിവരുത്തിയതോടെ ബ്രാഹ്‌മണമേധാവിത്തത്തിന് സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ കാര്യമായ ഉലച്ചില്‍ തട്ടി. നായര്‍ വിഭാഗത്തിന് ഭരണരംഗത്തുണ്ടായിരുന്ന മേധാവിത്വം അവസാനിച്ചതോടെ, ഈ വിഭാഗം ടിപ്പുവിന്റെ കടുത്ത എതിരാളികളായി മാറുകയും ജന്മിമാരോടൊപ്പം ചേര്‍ന്ന് ടിപ്പുവിനെതിരെ കലാപമുയര്‍ത്തുകയും ചെയ്തു. നമ്പൂതിരി-നായര്‍ വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്ന സാമൂഹിക മേധാവിത്തം ടിപ്പു തകര്‍ത്തതോടെ, ജാതി മേധാവിത്തമെന്ന മിഥ്യാബോധത്തിന് സമൂഹത്തില്‍ ഉലച്ചില്‍ തട്ടി ഇത്, കീഴ്ജാതിക്കാരില്‍ സ്വന്തം അന്തസ്സിനെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള അഭിമാനം ജനിപ്പിച്ചു. മലബാറില്‍ നില നിന്ന ബഹുഭര്‍തൃത്വം അവസാനിപ്പിക്കാനും ബഹുഭര്‍തൃത്വം അവസാനിപ്പിച്ചു കൊണ്ടും മാറു മറക്കാന്‍ ആഹ്വാനം ചെയ്തുമുള്ള ഉത്തരവ് 1788-ല്‍ പുറത്തിറക്കി നടപ്പിലാക്കി.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന എതിരാളികളില്‍ ഒരാളായിരുന്നു ടിപ്പു സുല്‍ത്താന്‍. ദക്ഷിണേന്ത്യയിലേക്കുള്ള സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് ഒരു വ്യാഴവട്ടക്കാലം തടയിട്ടത് ടിപ്പുവിന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു.

രണ്ടാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു പിന്നീട് ഉപേക്ഷിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂര്‍ രാജ്യവും തമ്മില്‍ നടന്ന നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിലാണ് അദ്ദേഹം രക്‌സതാക്ഷിയാവുന്നത്. കൂടെ നടന്ന ഒറ്റുകാരുടെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ ടിപ്പു എന്ന ഇതിഹാസത്തെ ഇല്ലായ്മ ചെയ്തത്. 1799 മെയ് നാലിനായിരുന്നു അത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.