2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘താജ്മഹലിനടിയില്‍ പ്രധാനമന്ത്രിയുടെ ബിരുദമാണോ ബി.ജെ.പിക്കാര്‍ തെരയുന്നത്’ പരിഹാസ ശരമുതിര്‍ത്ത് ഉവൈസി

ഭീവണ്ടി: പ്രധാനമന്ത്രിയുടെ ബിരുദമാണോ താജ്മഹലിനടിയില്‍ ബി.ജെ.പിക്കാര്‍ തെരയുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. താജ്മഹലിലെ അടച്ചിട്ട മുറി തുറക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകന്റെ വിവാദമ ഹരജിക്ക് ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ പരാമര്‍ശം. മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഗളന്‍മാര്‍ക്ക് ശേഷം ഇന്ത്യയിലെത്തിയവരാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഇന്ത്യ ആര്‍ക്കെങ്കിലും അവകാശപ്പെട്ടതാണെങ്കില്‍ അത് ദ്രാവിഡര്‍ക്കും ആദിവാസികള്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ എന്റേതോ താക്കറെയുടേതോ മോദിയുടേതോ ഷായുടേതോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡരുടെയും ആദിവാസികളുടേതുമാണ്. ബി.ജെ.പിയും ആര്‍.എസ്.എസും മുഗളന്‍മാര്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തിയത്. ആഫ്രിക്ക, ഇറാന്‍, മധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍നിന്ന് ആളുകള്‍ കുടിയേറിയതിന് ശേഷമാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്’ ഉവൈസി പറഞ്ഞു.

ശിവസേന എം.പി സഞ്ജയ് റാവത്തിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്തു കൊണ്ടാണ് നവാബ് മാലിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാത്തതെന്നും ഉവൈസി ചോദിച്ചു. എന്‍.സി.പി, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവ മതേതര പാര്‍ട്ടികളാണ്. അവര്‍ക്കാര്‍ക്കും ഒരിക്കലും ജയിലില്‍ പോകാന്‍ പറ്റില്ല. എന്നാല്‍, അവരുടെ പാര്‍ട്ടിയിലെ തന്നെ ഒരു മുസ്‌ലിം നേതാവ് ജയിലില്‍ പോകുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. സഞ്ജയ് റാവത്തതിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ശരദ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടു. എന്ത് കൊണ്ടാണ് നവാബ് മാലിക്കിന് വേണ്ടി അദ്ദേഹം ഇത് ചെയ്യാത്തത്. എന്ത് കൊണ്ടാണ് നവാബ് മാലിക്കിന് വേണ്ടി പവാര്‍ സംസാരിക്കാത്തത്. അദ്ദേഹം മുസ്‌ലിമായത് കൊണ്ടാണോ? സഞ്ജയും നവാബ് മാലിക്കും തുല്യരല്ലേയെന്നും ഉവൈസി ചോദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.