2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ദ കേരള സ്റ്റോറി’ പ്രദര്‍ശനം നിര്‍ത്തി വെച്ച് തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍

‘ദ കേരള സ്റ്റോറി’ പ്രദര്‍ശനം നിര്‍ത്തി വെച്ച് തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍

ചെന്നൈ: ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിര്‍ത്തിവെച്ച് തമിഴ്‌നാ്ടിലെ തിയേറ്ററുകള്‍. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളാണ് ഇന്നു മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചത്. ക്രമസമാധാന നിലയും സിനിമയുടെ മോശം പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് നടപടി. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്‌നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടി (എന്‍ടികെ) ശനിയാഴ്ച ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പാര്‍ട്ടിയുടെ സംഘാടകനും നടനും സംവിധായകനുമായ സീമാന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ സ്‌കൈവാക്ക് മാളിന് സമീപമുള്ള ചെന്നൈ അണ്ണാനഗറിലാണ് പ്രതിഷേധം നടത്തിയത്.

സീമാന്റെ പ്രതിഷേധ ആഹ്വാനത്തെത്തുടര്‍ന്ന്, കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെതിരെ എന്‍ടികെ പ്രവര്‍ത്തകര്‍ തിയേറ്ററിനുള്ളില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകളോടും സിനിമ കാണരുതെന്ന് തമിഴിനാട്ടിലെ ജനങ്ങളോടും സീമാന്‍ അഭ്യര്‍ത്ഥിച്ചു.

ദി കേരള സ്റ്റോറി മുസ്‌ലിം സമുദായത്തിന് എതിരാണെന്നും പുതുച്ചേരി, തമിഴ്‌നാട് സര്‍ക്കാരുകള്‍ അതിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സീമാന്‍ നേരത്തെ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.

   

സിനിമക്കെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിലും ഹോക്കോടതിയിലും ഹരജികള്‍ പോയി. എന്നാല്‍ ഹരജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ബഹുഭാഷാ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ റിലീസ് സ്റ്റേ ചെയ്യാന്‍ കേരള ഹൈക്കോടതിയും വിസമ്മതിച്ചു. എന്നാല്‍ റിലിസ് ചെയ്ത ദിവസം, കേരളത്തിലെ പല ജില്ലകളിലും ദി കേരള സ്റ്റോറിയുടെ ഷോകള്‍ റദ്ദാക്കി. കൊച്ചിയില്‍ നേരത്തെ ലിസ്റ്റ് ചെയ്ത രണ്ട് ഷോകള്‍ റദ്ദാക്കി. കൊച്ചിയിലെ ലുലു മാള്‍, സെന്റര്‍ സ്‌ക്വയര്‍ മാള്‍ എന്നിവിടങ്ങളിലെ തീയേറ്റര്‍ ഉടമകളും സിനിമ ബഹിഷ്‌കരിച്ചു. അതുപോലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലെ തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.