2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മിനുട്ടുകളുടെ വ്യത്യാസത്തില്‍ മഹാരാഷ്ട്രയില്‍ 28 കാരിക്ക് വാക്‌സിന്‍ കുത്തിവെച്ചത് മൂന്ന് തവണ

താനെ: മിനുട്ടുകളുടെ വ്യത്യാസത്തില്‍ 28 കാരിക്ക് വാക്‌സിന്‍ കുത്തിവെച്ചത് മൂന്ന് തവണ. മഹാരാഷ്ട്ര താനെ ആനന്ദ്‌നഗറിലെ വാക്‌സിന്‍ കേന്ദ്രത്തിലാണ് സംഭവം.സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മൂന്നു തവണ വാക്‌സിന്‍ കുത്തിവച്ചതിനെക്കുറിച്ച് യുവതി ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മുന്‍പ് വാക്‌സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി കുത്തിവെച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. വാക്‌സിന്‍ എടുത്ത ദിവസം പനി ഉണ്ടായി. എന്നാല്‍ പിറ്റേദിവസം ആരോഗ്യനില സാധാരണ നിലയിലായതായി ഭര്‍ത്താവ് പറയുന്നു.

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. ഇയാള്‍ ഉടനെ തന്നെ പ്രദേശത്തെ ബി.ജെ.പി കൗണ്‍സിലറോട് പരാതിപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കല്‍ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് യുവതി അധികൃതരോട് ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ ഖുശ്ബു തവാരേ പറഞ്ഞു. വാക്‌സിന്‍ കേന്ദ്രത്തിലെ ജീവനക്കാരുടെ അശ്രദ്ധയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. താനെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ബിപിന്‍ ശര്‍മ്മക്കെതിരെയും ആരോപണമുന്നയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.