2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; തെലങ്കാനയിലെ മുതിര്‍ന്ന നേതാവ് എം.എ ഖാന്‍ രാജിവെച്ചു, പാര്‍ട്ടിയുടെ പതനത്തിന് കാരണം രാഹുല്‍ ഗാന്ധിയെന്ന് കുറ്റപ്പെടുത്തല്‍

ഹൈദരാബാദ്: കോണ്‍ഗ്രസിന് വീണ്ടും തിരിട്ടടി. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തെലങ്കാനയിലെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാംഗവുമായ എം.എം ഖാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പഴയ പ്രതാപം വീണ്ടെടുക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനും കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടതായി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ പതനത്തിന് കാരണം ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയാണെന്നും ഖാന്‍ കുറ്റപ്പെടുത്തുന്നു.

‘പാര്‍ട്ടി അധ്യക്ഷനായി താങ്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നിടത്തോളം, പാര്‍ട്ടിക്കുള്ളിലെ കൂടിയാലോചന പ്രക്രിയ നിങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്നു, പതിറ്റാണ്ടുകളായി പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിച്ച മുതിര്‍ന്ന നേതാവിന്റെ അഭിപ്രായത്തിന് താങ്കള്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി, പാര്‍ട്ടി ശക്തമാണ്. രാജ്യത്തിന് വേണ്ടി പോരാടേണ്ട അവസ്ഥയിലും’ അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി കാലം മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ള താന്‍ നാല് പതിറ്റാണ്ടോളം അതില്‍ പ്രവര്‍ത്തിച്ചതായും ഖാന്‍ പറഞ്ഞു.

പാര്‍ട്ടി കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധി ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വഷളായതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് രാജിക്കു പിന്നാലെ എം.എ ഖാന്‍ ന്യൂസ് ഏജന്‍സിയോടു പറഞ്ഞു. ഉപാധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തതിനു കാര്യങ്ങള്‍ താഴേക്ക് പോകാന്‍ തുടങ്ങി. പാര്‍ട്ടിയുടെ പതനത്തിന് കാരണം അദ്ദേഹമാണ്. ബ്ലോക്ക് തലം മുതല്‍ ബൂത്ത് തലം വരെ ഒരു അംഗവുമായും പൊരുത്തപ്പെടാത്ത വ്യത്യസ്തമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളതെന്നും ഖാന്‍ പറഞ്ഞു.

‘അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു. പതിറ്റാണ്ടുകളായി പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ മുതിര്‍ന്ന അംഗങ്ങള്‍ പോലും ഇപ്പോള്‍ രാജി വയ്ക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. മുതിര്‍ന്ന അംഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ല’ അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി ജി 23യിലെ മുതിര്‍ന്ന നേതാക്കള്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ നേതൃത്വം അവരെ വിമതരായി കണ്ടു. ആ നേതാക്കളെ വിശ്വസിക്കുകയും പാര്‍ട്ടിയുടെ പുനഃസ്ഥാപനത്തിനായുള്ള അവരുടെ കഷ്ടപ്പാടും വേദനയും മനസിലാക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാകുമായിരുന്നെന്നും ഖാന്‍ അയച്ച കത്തില്‍ പറയുന്നു.

പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രകടിപ്പിച്ച അതേ പ്രതിബദ്ധതയോടെയും അര്‍പ്പണബോധത്തോടെയും അടിത്തട്ടിലുള്ള കേഡര്‍മാരെ സജീവമാക്കാനും രാജ്യത്തെ സേവിക്കുന്നത് തുടരാനും ഉന്നത നേതൃത്വം ശ്രമിക്കാത്തതിനാലാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നും ഖാന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും താന്‍ രാജിവയ്ക്കുന്നതായും കത്തില്‍ വിശദമാക്കുന്നു.

കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാംഗവും പ്രതിപക്ഷനേതാവും കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടിരുന്നു. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം ആദ്യം തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും മുതിര്‍ന്ന നേതാവും പാര്‍ട്ടി വിട്ടിരുന്നു. എം.എല്‍.എയായ കോമട്ടി റെഡ്ഡി രാജഗോപാലയും മുതിര്‍ന്ന നേതാവായ ദസോജു ശ്രാവണുമായിരുന്നു രാജിവച്ചത്. അതിനു മുമ്പ് മറ്റൊരു പ്രമുഖനും മുതിര്‍ന്ന നേതാവുമായ കബില്‍ സിബലും പാര്‍ട്ടി വിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.