
ഹൈദരാബാദ്: എ.ഐ.എം.ഐ.എം അസദുദ്ദീന്‍ ഉവൈസിയ്ക്കെതിരെ വിദ്വേഷ നിറഞ്ഞ ഭീഷണിയുമായി ബി.ജെ.പി എം.പി അരവിന്ദ് കുമാര്‍. ഉവൈസിയെ താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കുമെന്നാണ് ഭീഷണി. എന്നിട്ട് ഈ താടി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന് അയച്ചുകൊടുക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു. സി.എ.എയെ എതിര്‍ക്കുന്ന ചന്ദ്രശേഖര റാവു പ്രത്യക്ഷത്തില്‍ ഒരു മൊല്ലയാണെന്നും അരവിന്ദ് കുമാര്‍ പ്രതികരിച്ചു.
പൗരത്വ നിയമത്തിനെതിരായ ശക്തമായ നിലപാടാണ് അരവിന്ദിനെ പ്രകോപിപ്പിച്ചത്.
‘ആര്.എസ്.എസിനേയും ബി.ജെ.പിയേയും കീറിക്കളയുമെന്നാണ് ഉവൈസി പറയുന്നത്. ഒമ്പത് വര്‍ഷം മുന്‍പ് നിങ്ങളുടെ സ്വന്തം സഹോദരനെ നിങ്ങളുടെ സമുദായത്തില്പ്പെട്ടയാള്തന്നെ കുത്തിയും വെടിവെച്ചും പരിക്കേല്‍പ്പിച്ചത് ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ സഹോദരന് ഇപ്പോഴും ചികിത്സയിലാണ്. എന്നിട്ട് നിങ്ങളാണോ ബി.ജെ.പിയെ കീറിക്കളയുന്നത്’ – അരവിന്ദ് ചോദിച്ചു.
നിസാമാബാദില്‍ ഒവൈസി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനെതിരേയും അരവിന്ദ് കുമാര്‍ രംഗത്തെത്തി.
‘ അവര്‍ നിസാമാബാദിലെ ഈദ്ഗാഹ് മൈതാനത്ത് യോഗം ചേര്‍ന്നു. അതേ മൈതാനത്ത് ഞാനൊരു ക്രെയിന്‍ കൊണ്ടുവരും. നിന്നെ തലകീഴാക്കി കെട്ടിത്തൂക്കി നിന്റെ താടിരോമങ്ങള്‍ എടുത്തുകളയും. അത് ഞാന്‍ പുറത്തേക്ക് കളയില്ല. കെ.സി.ആറിന് (കെ. ചന്ദ്രശേഖരറാവു) അയച്ചു കൊടുക്കും.’
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത കെ.സി.ആറിന് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു. സി.എ.എയില്‍ നിന്ന് ബി.ജെ.പി പിന്നോട്ടില്ലെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ച മുന്‍പാണ് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് മൈതാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പതനായിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കെടുത്തത്.
Comments are closed for this post.