2023 March 24 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ച് അനുമതി നല്‍കിയ മദ്രസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സുപ്രിം കോടതിയില്‍. മാര്‍ച്ച് അനുവദിക്കരുതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെടുന്നത്. ഇത്തരമൊരു മാര്‍ച്ചിന് അനുമതി നല്‍കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നിര്‍ദേശിക്കാനും പൊലിസിന്റെ അനുമതിക്ക് അപേക്ഷിക്കാനും മദ്രാസ് ഹൈക്കോടതി ആര്‍.എസ്.എസിനോട് നിര്‍ദേശിച്ചിരുന്നു. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നും പൊലിസിനോടും നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണം നിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസിന് അനുമതി നിഷേധിച്ച സിംഗിള്‍ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആര്‍ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ആര്‍.എസ്.എസ് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലിസ് അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ പിന്നീട് ആര്‍.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.50 സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതില്‍ മൂന്നിടത്തു മാത്രം പരിപാടി നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിന്നീട് അനുമതി നല്‍കി. ഇതിനെതിരെ സംഘ്പരിവാര്‍ നേതാക്കള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പരിപാടിക്ക് കോടതി അനുമതി നല്‍കിയില്ല. മറ്റിടങ്ങളില്‍ കര്‍ശനമായ നിബന്ധനകളോടെ പരിപാടിക്ക് അനുമതിയും നല്‍കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.