ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ 22 കാരനായ പോക്‌സോ കേസ് പ്രതി മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. 14 തവണയാണ് പെണ്‍കുട്ടിയെ ഇയാള്‍ കുത്തിയത്.
തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ട്രിച്ചിയിലെ അതികുളം സ്വദേശിനിയാണ് പെണ്‍കുട്ടി. പ്രതിയായ ട്രിച്ചി പോതമേട്ടുപട്ടി സ്വദേശി കേശവന്‍ എന്നയാള്‍ക്കായുള്ള തിരച്ചിലിലാണ് പൊലിസ്.
പതിവായി പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ബന്ധു പറയുന്നു. ലംഭവം നടന്ന ദിവസം പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ കേശവന്‍ പിന്തുടരുകയായിരുന്നു. ട്രിച്ചി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കുട്ടിയെ ഇയാള്‍ തടഞ്ഞു. തുടര്‍ന്ന് അവളോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. ഇതോടെ, പെണ്‍കുട്ടിയെ കേശവന്‍ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവശേഷം കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി നിലത്ത് കിടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലുള്ള പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
2021 ജൂണില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെതിരെ പോക്‌സോ കേസുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.
ഒളിവില്‍ പോയ കേശവനെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലിസ് സൂപ്രണ്ട് അറിയിച്ചു.
Comments are closed for this post.