ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് വിഷയം വീണ്ടും സുപ്രിംകോടതിയില്‍. പരിഗണിക്കേണ്ട കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഹിജാബ് വിലക്കോടെ പല പെണ്‍കുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചെന്ന് അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചു. പലരും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറി. ഫെബ്രുവരി ആറിന് പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുകയാണ്. സ്വാകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പ്രാക്ടിക്കല്‍ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലനില്‍ക്കുന്ന സര്‍ക്കാര്‍ കോളേജുകളിലാണ്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ഇടക്കാല വിധി വേണമെന്നും മീനാക്ഷി അറോറ ആവശ്യപ്പെട്ടു.
ഇക്കാര്യം അടിയന്തരമായി പരിഗണിക്കാമെന്നും മൂന്നംഗ ബെഞ്ച് ഹരജി പരിഗണിക്കാന്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നംഗ ബെഞ്ച് ഹരജി പരിഗണിക്കേണ്ട തീയതി ഉടന്‍ തീരുമാനിക്കും രജിസ്ട്രാറോട് ഇക്കാര്യത്തില്‍ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് മീനാക്ഷി അറോറക്ക് നല്‍കി.
സുപ്രിംകോടതിയില്‍ ഭിന്നവിധി ഉണ്ടായതിനാല്‍ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. ഹിജാബ് കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചു. എന്നാല്‍ ജസ്റ്റിസ് സുധാംശു ദുലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.
ഹിജാബ് വിഷയത്തില്‍ സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളില്‍ ഹിജാബ് വിലക്ക് തുടരുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments are closed for this post.