ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്ന ഹിന്ദു ധര്‍മ്മ സന്‍സദില്‍ സന്ന്യാസിമാര്‍ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് പ്രസംഗങ്ങള്‍ നടത്തിയതിനെതിരായ ഹരജി പരിഗണിക്കുമെന്ന് സുപ്രിം കോടതി. വംശഹത്യക്കുള്ള തുറന്ന ആഹ്വാനമുള്‍പ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ കേള്‍ക്കുമെന്ന് സുപ്രിം കോടതി അറിയിച്ചു.
‘ഞങ്ങള്‍ വിഷയം പരിഗണിക്കും,’ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ച ഹരജിയോട് പ്രതികരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എന്‍. വി രമണ പറഞ്ഞു.
‘ഹരിദ്വാറിലെ ധര്‍മ്മ സന്‍സദില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഞങ്ങള്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മുദ്രാവാക്യങ്ങള്‍ സത്യമേവ ജയതേയില്‍ നിന്ന് സശസ്ത്രമേവ ജയതേയിലേക്ക് മാറിയിരിക്കുന്നു,’ സിബല്‍ ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 17-19 തീയതികളില്‍ നടന്ന മതസമ്മേളനത്തില്‍ വിവിധ മതനേതാക്കള്‍ മുസ്‌ലിംകള്‍ക്കെതിരെ ആയുധം പ്രയോഗിക്കാന്‍ ആഹ്വാനം ചെയ്ത് അതിരൂക്ഷമായ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. മുസ്‌ലിംകളെ കൂട്ടക്കൊല നടത്താന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണമെന്നൊക്കെയായിരുന്നു ആഹ്വാനം.
നേരത്തെയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന ആരോപണ വിധേയനായ യതി നരസിംഹാനന്ദാണ് സമ്മേളനം സംഘടിപ്പിച്ചത്. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഹിന്ദു രക്ഷാ സേനയുടെ പ്രബോധാനന്ദ് ഗിരി, ബി.ജെ.പി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ എന്നിവരാണ് സമ്മേളനവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍.
Comments are closed for this post.