2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹരജി പ്രത്യേക ലക്ഷ്യത്തോടെയെന്ന് സുപ്രിം കോടതിയും; സെന്‍ട്രല്‍ വിസ്തക്ക് പച്ചക്കൊടി, ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ഒരു പദ്ധതിയെ മാത്രം ലക്ഷ്യംവെച്ചാണ് ഹരജിയെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രിംകോടതി ശരിവെച്ചു.

പരാതിക്കാര്‍ പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ മാത്രം ഹരജി നല്‍കുകയായിരുന്നു. സമാനമായ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മറ്റു പദ്ധതികളെക്കുറിച്ച് ഹരജിക്കാര്‍ ഗവേഷണം നടത്തിയിട്ടില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ശരിയാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ചരിത്രകാരന്‍ സൊഹല്‍ ഹാഷ്മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
കൊവിഡ് തരംഗം ആഞ്ഞടിക്കുമ്പോള്‍ കോടികള്‍ മുടക്കിയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഹരജിക്കാരുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയും ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, നിര്‍മാണ സ്ഥലത്ത് താമസിക്കുന്ന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. 20,000 കോടി രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നടപ്പാക്കുന്നത്. പുതിയ പാര്‍ലമെന്റ്, ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതി, സെക്രട്ടറിയേറ്റ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.

കൊവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ നടത്തുന്ന ഈ ധൂര്‍ത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.