2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: പ്രതികളുടെ മോചനത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ്

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ് പ്രതികളുടെ മോചനത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ്. വിശദമായ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 11 പ്രതികളെയും കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി ഹരജിക്കാരോട് നിര്‍ദേശിച്ചു. കേസ് വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വര്‍മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് ഹരജി നല്‍കിയത്.

പ്രതികള്‍ ചെയ്ത കുറ്റം ഭീകരമാണെന്നത് ഇളവ് നല്‍കുന്നത് തടയാന്‍ മതിയായ കാരണമാണോയെന്ന് ജസ്റ്റിസ് രസ്‌തോഗി കപില്‍ സിബലിനോട് ചോദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ദിനേനയെന്നോണം ഇളവ് ലഭിക്കുന്നുണ്ട്. ഈ കേസില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു.

മറുപടി നല്‍കിയ കപില്‍ സിബല്‍ പ്രതികള്‍ ചെയ്ത കുറ്റം വിശദീകരിച്ചു. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമവും നാടുവിടേണ്ടിവന്ന സാഹചര്യവും ബലാത്സംഗങ്ങളും കൊലപാതകങ്ങളും മറ്റും സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇളവ് അനുവദിച്ച വിഷയത്തിലേക്ക് കേന്ദ്രീകരിക്കാന്‍ കോടതി സിബലിനോട് നിര്‍ദേശിച്ചു.

കഴിഞ്ഞ മെയില്‍, ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് ഇളവ് അനുവദിക്കാമോയെന്ന് പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് സമിതിയെ നിയോഗിക്കാമെന്ന് വിധിച്ച ബെഞ്ചില്‍ ജസ്റ്റിസ് അജയ് രസ്‌തോഗിയും, ജസ്റ്റിസ് വിക്രം നാഥും അംഗങ്ങളായിരുന്നു.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണോ പ്രതികളെ വിട്ടയച്ചതെന്ന് കഴിഞ്ഞ ദിവസം ഹരജി ഫയല്‍ ചെയ്തപ്പോള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചിരുന്നു. മറുപടി നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സര്‍ക്കാറിന് ഇത്തരമൊരു വിവേചനാധികാരം നല്‍കുകയാണ് സുപ്രിം കോടതി ചെയ്തതെന്നും, സുപ്രിം കോടതി വിധിയെയല്ല, പ്രതികള്‍ക്ക് ഇളവ് നല്‍കിയതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

അതിനിടെ 15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പിന്നാലെ ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ് അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. മൂന്നു വയസ്സുള്ള ഇവരുടെ മകളേയും അക്രമികള്‍ കൊലപ്പെടുത്തി.

പിന്നീട് നിയമപരാട്ടത്തിലായിരുന്നു ബില്‍ക്കീസ് ബാനു. നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.