2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹൈദരാബാദ്, മുംബൈ, അലിഗഡ്…- പ്രതിഷേധത്തീയായി വീണ്ടും വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തണുത്തുറഞ്ഞ ഒരു പാതിരാവില്‍ കൂടി രാജ്യം വിദ്യാര്‍ഥി പ്രതിഷേധ തീജ്വാലയില്‍ തിളച്ചു മറിഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രാത്രിക്കുരാത്രി തന്നെ പ്രതിഷേധവുമായെത്തി.

ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നു. മുംബൈയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയിലൊണ് പ്രതിക്ഷേധിച്ചത്. അക്രമികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥികള്‍ക്കും, അധ്്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പ് മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. ജാമിയ അധ്യാപക സംഘടന ജെ.എന്‍.യു അക്രമത്തെ അപലപിച്ച് രംഗത്തെത്തി. ഡല്‍ഹിയില്‍ പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഹൈദരാബാദിലെ അംബേദ്ക്കര്‍ പ്രതിമക്കു മുന്നില്‍ പുലര്‍ച്ചെ രണ്ടു മണിക്കാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാനെത്തിയത്.

‘അക്രമങ്ങള്‍ നമുക്ക് നേരെയാവുന്നതും കാത്തിരിക്കാനാവില്ല. മതിയായി. എഴുനേറ്റ് നില്‍ക്കൂ നിങ്ങളുടെ ശബ്ദമുയര്‍ത്തൂ. സമയം അതിക്രമിക്കും മുമ്പ് നിങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ഐക്യത്തിനുമായി പോരാടൂ’- വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഞായറാഴ്ച്ച വൈകുന്നേരമാണ് ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്നാണ് ജെ.എന്‍..യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.