2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ഞങ്ങളുടെ ഭാവി തകരുന്നത് തടയൂ, ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കൂ’ കര്‍ണാടക മുഖ്യമന്ത്രിയോട്  വിദ്യാര്‍ഥിനി

മംഗളൂരു: ഏപ്രിലില്‍ 22ന് ആരംഭിക്കുന്ന രണ്ടാം പ്രീയൂനിവേഴ്സിറ്റി പരീക്ഷ ഹിജാബ് ധരിച്ച് കൊണ്ട് എഴുതാന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥിനിയുടെ ട്വീറ്റ്. സംസ്ഥാനത്ത് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കണമെന്നും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച ആലിയ അസ്സാദി തന്റെ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിക്ക് അയച്ച ട്വീറ്റില്‍ ആണ് വിദ്യാര്‍ഥിനി ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ ഞങ്ങളെ അനുവദിക്കാന്‍ നിങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവി’-ആലിയ അസ്സാദി ട്വീറ്റ് ചെയ്തു.

ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ശിരോവസ്ത്രം ധരിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ താന്‍ പരീക്ഷ എഴുതൂ എന്ന് പ്രതിഷേധം ആരംഭിച്ച ആറ് ഹരജിക്കാരില്‍ ഒരാളായ ആലിയ അസ്സാദി വ്യക്തമാക്കിയിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകീകൃത നിയമം പാലിക്കണമെന്നുമായിരുന്നു ഹരജികള്‍ തള്ളിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.