2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കര്‍ണാടകയില്‍ മുസ്‌ലിം പള്ളിക്കും വീടുകള്‍ക്കും നേരെ കല്ലെറിഞ്ഞ് ഹിന്ദുത്വവാദികള്‍

   

ബംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കും നേരെ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ റാലി നടത്തുന്നകയായിരുന്ന ഹിന്ദുത്വവാദികള്‍ മുസ് ലിങ്ങളുടെ വീടുകള്‍ക്കും പള്ളിക്കും നേരെ കല്ലെറിഞ്ഞു. സംഭവത്തില്‍ 15 പേര്‍ പിടിയിലായതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാവേരിയില്‍ ഹിന്ദുമതസ്ഥര്‍ ബൈക്ക് റാലി നടത്തിയിരുന്നു. ഇതിനിടയിലാണ് മുസ്‌ലിം പള്ളിക്കും വീടുകള്‍ക്കും നേരെ കല്ലേറുണ്ടായത്. 19ാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ പോരാടിയ സൈനിക നേതാവ് സംഗോളി രായണ്ണയുടെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ടായിരുന്നു റാലി.

അക്രമിസംഘം സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തുള്ള ഉര്‍ദു സ്‌കൂളിന് നേരെയും കല്ലേറുണ്ടായിരുന്നു. ‘അവര്‍ ഞങ്ങളുടെ വീടുകളും വാഹനങ്ങളും അക്രമിച്ചു. ഞാന്‍ എന്റെ കാറിന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. അവര്‍ പെട്ടെന്ന് എന്റെ നേര്‍ക്ക് വന്നു’ ഇര്‍ഫാന്‍ മുല്ല എന്ന് പേരുള്ള പ്രദേശവാസി പറയുന്നു.

റാലിയില്‍ നിന്നും വഴിമാറിയ നൂറോളം പേരടങ്ങുന്ന സംഘം പ്രദേശത്തെ മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഹാവേരി പൊലിസ് സുപ്രണ്ട് ശിവകുമാറിനെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലി നടക്കുന്നതിനാല്‍ പൊലിസ് സേനയെ വിന്യസിച്ചിരുന്നതിനാല്‍ സാഹചര്യം നിയന്ത്രിക്കാന്‍ കഴിഞ്ഞതായും പൊലിസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 15 പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ഒമ്പതിന് സമാന രീതിയില്‍ മുസ്‌ലിം വിഭാഗത്തിലെ ചിലര്‍ ഹിന്ദുക്കള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നുവെന്നും ഇതായിരിക്കാം ഇവര്‍ക്കെതിരെ ആക്രമണമുണ്ടാകാന്‍ കാരണമെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കൃഷി മന്ത്രി ബൈരതി ബസവരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിമ അനാച്ഛാദന ചടങ്ങ് നടന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.