2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷ പദവി നല്‍കാമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: മറ്റു സമുദായങ്ങളേക്കാള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇക്കാര്യത്തില്‍ ഏത് കേന്ദ്ര മന്ത്രാലയമാണ് മറുപടി നല്‍കേണ്ടത് എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടിസ് അയച്ചിരുന്നുവെങ്കിലും തങ്ങള്‍ക്ക് പങ്കില്ലെന്നാണ് അവര്‍ സുപ്രീംകോടതി രജിസ്ട്രിയെ അറിയിച്ചതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദേശീയ ന്യൂനപക്ഷ കമീഷന്‍ ന്യൂനപക്ഷ മന്ത്രാലയത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനും കീഴിലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ജനസംഖ്യ അടിസ്ഥാനമാക്കി ന്യൂനപക്ഷത്തെ നിര്‍ണയിക്കണമെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജന്തര്‍മന്തറില്‍ മുസ്‌ലിംകള്‍ക്കെതിരെ വംശീയാക്രമണ ആഹ്വാനം മുഴക്കിയ പരിപാടിയിലൂടെ വിവാദത്തിലായ ബി.ജെ.പി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജിക്കാരന്‍. മുസ്‌ലിം ഭൂരിപക്ഷമുള്ള ജമ്മുകശ്മീര്‍, ലഡാക്, ലക്ഷദ്വീപ്, സിഖ് ഭൂരിപക്ഷമുള്ള പഞ്ചാബ്, ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറം, നാഗാലന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രാദേശിക ജനസംഖ്യ നോക്കി ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കി പുനര്‍നിര്‍ണയിക്കണമെന്നാണ് ഉപാധ്യായയുടെ ആവശ്യം.

   

അതിനിടെ കോടതിയില്‍ വരുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ സത്യവാങ്മൂലങ്ങള്‍ മാധ്യമങ്ങളിലൂടെ ജഡ്ജിമാര്‍ കാണുന്നത് ചില പൊതുതാല്‍പര്യ ഹരജികളുടെ പ്രത്യേകതയാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി. വിഷയം പരിശോധിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. കോടതി ചേരും മുമ്പ് കേന്ദ്ര സത്യവാങ്മൂലം ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിച്ചതിനെ പരാമര്‍ശിച്ചാണ് ‘ചില പ്രത്യേക പൊതുതാല്‍പര്യ ഹരജികളില്‍ ജഡ്ജിമാര്‍ കാണുന്നതിന് മുമ്പെ സത്യവാങ്മൂലങ്ങള്‍ മാധ്യമങ്ങളിലാണ് വരുന്നതെ’ന്ന് ബെഞ്ച് വിമര്‍ശിച്ചത്. സത്യവാങ്മൂലത്തില്‍ ഹരജിക്ക് അനുകൂലമായ നിലപാടാണുള്ളതെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.