ന്യൂഡൽഹി: പൗരന്റെ അഭിപ്രായ പ്രകടനത്തിനു മേൽ അധിക നിയന്ത്രണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. ഭരണഘടനയുടെ അനുച്ഛേദം 19(2)ന് കീഴിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തന്നെ ഇക്കാര്യത്തിൽ പര്യാപ്തമാണെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് ഭിന്നവിധിയിൽ വിധിച്ചു. ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്.
ജസ്റ്റിസ് എസ് അബ്ദുൽ നസീർ അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം, ബി.വി നാഗരത്‌ന എന്നിവർ അംഗങ്ങളുമായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതിൽ ജസ്റ്റിസ് നാഗരത്‌നയാണ് വ്യത്യസ്ത വിധി എഴുതിയത്. തിങ്കളാഴ്ച നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജിയിലും ഇവർ ഭിന്നവിധിയെഴുതിയിരുന്നു.
മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസ്താവനകൾ ഭരണഘടനാ ലംഘനമായി കാണാനാവില്ല എന്നാണ് ഭൂരിപക്ഷവിധി. പ്രസംഗങ്ങൾക്ക് ഭരണഘടനയിലുള്ള നിയന്ത്രണങ്ങൾ തന്നെ മതിയാകും. അഭിപ്രായപ്രകടനങ്ങൾ സർക്കാറിന്റെ ആകെ നിലപാടായി കരുതാനാകില്ലെന്നും വിധിയിൽ പറയുന്നു.
അതേസമയം, അഭിപ്രായപ്രകടനവും വിദ്വേഷ പ്രസംഗവും തമ്മിൽ വ്യത്യാസമുണ്ട് എന്നാണ് ജസ്റ്റിസ് നാഗരത്‌നയുടെ ഭിന്നവിധി. ‘വിദ്വേഷ പ്രസംഗം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൗലിക മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണ്. പൗരനെ ദ്രോഹിക്കുന്ന, പൊതുപ്രവർത്തകന്റെ എല്ലാ പ്രസ്താവനകളും ഭരണഘടനാ പരമായി അതിക്രമമായി കണക്കാക്കാനാകില്ല. പാർലമെന്റ് കണക്കിലെടുക്കേണ്ട വിഷയമാണിത്. പെരുമാറ്റച്ചട്ടം രൂപീകരിച്ച് മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങൾ പാർട്ടികൾ നിയന്ത്രിക്കണം. ഇത്തരം പ്രസംഗങ്ങളിലൂടെ ആക്രമിക്കപ്പെടുന്ന ആർക്കും പരിഹാരത്തിനായി കോടതിയെ സമീപിക്കാം’ അവർ വ്യക്തമാക്കി.
Comments are closed for this post.