2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തമിഴ്‌നാട്ടില്‍ ആര്‍.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് സ്റ്റാലിന്‍

  • നടപടി ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച്

  • ഗാന്ധി ജയന്തി ദിനത്തിലാണ് റാലി നടത്താനിരുന്നത്

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ചില നിയന്ത്രണങ്ങളോടെ റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതി നല്‍കിയ അനുമതി നിലവിലുണ്ടായിരിക്കേയാണ് സ്റ്റാലിന്‍ ഇത്തരമൊരു നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി തേടി തിരുവള്ളൂര്‍ പൊലിസിന് നല്‍കിയ അനുമതിയാണ് നിഷേധിച്ചത്.

പോപുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നം മുന്‍ നിര്‍ത്തി റാലിക്ക് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാറിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ, സര്‍ക്കാര്‍ നടപടിക്കെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്‍.എസ്.എസ് വക്കീല്‍ നോട്ടിസ് അയച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടിസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി. ശൈലേന്ദ്ര ബാബു, ലോക്കല്‍ എസ്.പി, ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍.എസ്.എസ് വക്കീല്‍ നോട്ടിസ് അയച്ചത്.

ഹൈക്കോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയന്റെ സെപ്തംബര്‍ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേര്‍ക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ ബി. രാബു മനോഹര്‍ അയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു.

അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള ആര്‍.എസ്.എസ് പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ജഡ്ജിയുടെ സെപ്തംബര്‍ 22ലെ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍ സമര്‍പ്പിച്ച ഹരജികളില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ടി. രാജയും ജസ്റ്റിസ് ഡി. കൃഷ്ണകുമാറും അടങ്ങുന്ന മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിരസിച്ചു.

സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹരജിയോ അപ്പീലോ സമര്‍പ്പിക്കാനാവില്ലെന്നും ഹരജിക്കാരന് സുപ്രിംകോടതിയെ മാത്രമേ സമീപിക്കാനാവൂ എന്നും ജഡ്ജിമാര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.