ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒ.ഡി ഓഫിസിലെത്തി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിനെത്തിയത്. വനിതാ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് റൗണ്ടായിട്ടാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സോണിയാ ഗാന്ധിക്കൊപ്പമെത്തിയ എം.പിമാരുള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് തടഞ്ഞു. ഇവരെ ഇഡി ഓഫിസിനുള്ളിലേക്ക് കടത്തി വിട്ടില്ല.
ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.
ഇ.ഡിയുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ്. എം.പിമാരുള്‍പെടെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. രാജ്യമാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിക്കും.
എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലിസ് വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ ഇഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്.
Comments are closed for this post.