2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹരിദ്വാറില്‍ സന്യാസികള്‍ നടത്തിയ മുസ്‌ലിം വംശഹത്യ ആഹ്വാനത്തിനു നേരെയുള്ള രാഷ്ട്രീയ നേതാക്കളുടെ മൗനം ആപത്കരം: മുന്‍ നാവികസേനാ മേധാവി

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ സന്യാസികള്‍ നടത്തിയ മുസ്‌ലിം വംശഹത്യ ആഹ്വാനത്തിനു നേരെയുള്ള രാഷ്ട്രീയ നേതാക്കളുടെ മൗനം ആപത്കരമെന്ന് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ്. ‘ദി വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ വിഷയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബറില്‍ ഹരിദ്വാറില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ വംശഹത്യയും വംശീയ ഉന്മൂലനവുംആഹ്വാനം ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ഇതിനെതിരെ പൂര്‍ണ്ണമായ അപലപനവും ശക്തമായ നടപടിയും ഉണ്ടാകണം. എന്നാല്‍ ഹിന്ദു സന്യാസിമാരില്‍നിന്നും മുസ്‌ലിം വംശഹത്യാ ആഹ്വാനം വന്നതിന് ശേഷം രാഷ്ട്രീയ നേതൃത്വം നിശബ്ദമായിരിക്കുന്നു- ഇന്ത്യയുടെ മുന്‍ നാവികസേനാ മേധാവികളിലൊരാളും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനുമായ അഡ്മിറല്‍ അരുണ്‍ പ്രകാശ് ചൂണ്ടിക്കാട്ടി. ഈ രീതിയിലുള്ള പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അത് കടുത്ത സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും. നമ്മള്‍ക്ക് അത് വേണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധര്‍മ സന്‍സദ് വിവാദമായതിന് പിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച ഒരു തുറന്ന കത്തില്‍ അഡ്മിറല്‍ അരുണ്‍ പ്രകാശും ഒപ്പിട്ടിരുന്നു. ഇതിന് മറുപടി ലഭിച്ചോ എന്ന ചോദ്യത്തിന് ഇതുവരെ ലഭിച്ചില്ലെന്നും മറുപടി പ്രതീക്ഷിക്കുന്നത് വ്യര്‍ഥമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളെ കൂട്ടക്കൊല നടത്താന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണമെന്ന് വരെ ഹരിദ്വാറില്‍ നടന്ന ഹിന്ദു ധര്‍മ്മ സന്‍സദില്‍ സന്യാസിമാര്‍ ആഹ്വാനം ചെയ്തിരുന്നു. വിഷയത്തിലുള്ള ഹരജി പരിഗണിക്കുമെന്ന് ഇന്ന് കോടതി അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.