ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തണുത്ത ചായ നല്‍കിയതിന് ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടിസ്. വി.ഐ.പി ഡ്യൂട്ടിയുടെ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ചാണ് ജൂനിയര്‍ സപ്ലൈ ഓഫിസര്‍ രാകേഷ് കനൗഹക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഡി. പി ദ്വിവേദി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം കനത്തതോടെ നോട്ടിസ് പിന്‍വലിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടിസ്.
തിങ്കളാഴ്ച തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഭാത ഭക്ഷണം കഴിക്കാനായി ഖജുരാഹോ വിമാനത്താവളത്തിലെ വി.ഐ.പികള്‍ക്കായുള്ള വിശ്രമമുറിയില്‍ എത്തിയിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ ചായക്ക് ചൂടില്ലായിരുന്നു എന്നാരോപിച്ചാണ് രാകേഷ് കനൗഹക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
‘ചായയും പ്രാതലും കൃമീകരിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ചായയുടെ ഗുണനിലവാരം കുറവായിരുന്നു. തണുത്ത ചായയാണ് നല്‍കിയത്. ഇത് വി.ഐ.പി ഡ്യൂട്ടിയുടെ പ്രോട്ടോക്കോള്‍ ലംഘനമാണ്.’ കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു.
എന്നാല്‍ മുഖ്യമന്ത്രി വളരെ കുറച്ചുസമയം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ചായ കുടിച്ചിട്ടില്ലെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സംഭവത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് പിന്‍വലിച്ചത്.
Comments are closed for this post.