ഹാവേരി (കര്‍ണാടക): വെറും നാണയത്തുട്ടുകളുടെ പലഹാരത്തിന് പകരം നല്‍കേണ്ടി വന്നത് പത്തു വയസ്സുകാരന് സ്വന്തം ജീവന്‍. കര്‍ണാടകയിലാണ് മോഷണക്കുറ്റം ആരോപിച്ച് ബാലനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കടയുടമ ഹരീഷയ്യയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം കുട്ടിയുടെ മുതുകില്‍ മണിക്കൂറുകളോളം ഭാരമുള്ള കല്ല് കെട്ടിവെക്കുകയും ചെയ്തു ഇയാള്‍. ഒരാഴ്ചയോളം ചികിത്സയിലിരുന്ന ശേഷമാണ് ഹരീഷയ്യ മരണത്തിന് കീഴടങ്ങിയത്.
വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം. പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യയെ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് കടയുടമ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട്, സമീപത്തു വീടു നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവച്ചു.
മകനെ തിരഞ്ഞ് അച്ഛന്‍ നാഗയ്യ എത്തിയപ്പോള്‍ ‘അവന്‍ പാഠം പഠിക്കട്ടെ’ എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോള്‍ അവരെ മര്‍ദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്.
തീരെ അവശനായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പിറ്റേന്നു തന്നെ പൊലിസിനെ സമീപിച്ചെങ്കിലും മകന്‍ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു. ആശുപത്രി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്.
അന്വേഷിണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി പൊലിസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്.
Comments are closed for this post.