2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യമാക്കണം; ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ച് തരൂര്‍ ഉള്‍പെടെ അഞ്ച് എം.പിമാര്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളില്‍ സുതാര്യത ആവശ്യപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് എം.പിമാരുടെ കത്ത്. കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബര്‍ദോലി, അബ്ദുല്‍ ഖലേക്ക് എന്നിവര്‍ ചേര്‍ന്നാണ് കത്തെഴുതിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രിക്കാണ് കത്ത്. എല്ലാ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍ പട്ടിക സുരക്ഷിതമായി എത്തിച്ചു നല്‍കണമെന്ന് സംഘം ആവശ്യപ്പെടുന്നു.
സെപ്തംബര്‍ ആറാം തീയതി എഴുതിയ കത്തില്‍, വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ ഒരു ആഭ്യന്തരരേഖകളും പാര്‍ട്ടിക്കെതിരായി ദുരുപയോഗം ചെയ്യപ്പെടും വിധം പുറത്തുവിടണം എന്നല്ല ആവശ്യപ്പെട്ടത്. നാമനിര്‍ദേശ പ്രക്രിയകള്‍ തുടങ്ങുന്നതിന് മുമ്പ്, പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി, ഇലക്ട്രല്‍ കോളജില്‍ ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളുടെ പട്ടിക നല്‍കണം. ആരാണ് സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുന്നത്, ആരാണ് വോട്ട് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകാന്‍ ഈ പട്ടിക ആവശ്യമാണ്. അതേസമയം, വോട്ടര്‍ പട്ടിക പരസ്യമാക്കുന്നതില്‍ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് ആശങ്കയുണ്ടെങ്കില്‍ പട്ടിക എല്ലാ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സുരക്ഷിതമായി എത്തിക്കാനുള്ള സൗകര്യമുണ്ടാക്കണം. വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എല്ലാ 28 പി.സി.സികളിലും ഒമ്പത് യൂനിയന്‍ ടെറിട്ടോറിയല്‍ യൂനിറ്റുകളിലും ചെന്ന് വോട്ടര്‍പ്പട്ടിക പരിശോധിക്കാനാകില്ല.

ഇങ്ങനെ വോട്ടര്‍ പട്ടിക വോട്ടര്‍മാരില്‍ സുരക്ഷിതമായി എത്തിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടാകുന്ന അനാവശ്യ കൈകടത്തലുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഈ ആവശ്യം നടപ്പാക്കിയാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പെന്ന തങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടുമെന്നും കത്തില്‍ പറയുന്നു.

കത്തില്‍ ഒപ്പിട്ട തരൂരും തിവാരിയും പാര്‍ട്ടിയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് 2020ല്‍ സോണിയക്ക് കത്തെഴുതിയ 23 നേതാക്കളില്‍ ഉള്‍പ്പെടുന്നവരാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.