ന്യൂഡല്‍ഹി: യു.എ.പി.എ, രാജ്യദ്രോഹക്കേസുകള്‍ ചുമത്തപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ നല്‍കി. പൗരത്വ സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇമാം അറസ്റ്റിലായത്. സമരത്തില്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ലെന്ന് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഷര്‍ജീല്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരു സമരത്തിനിടയിലും അക്രമങ്ങളില്‍ പങ്കെടുക്കുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ജാമ്യാപേക്ഷയില്‍ ഷര്‍ജീല്‍ ഇമാം വ്യക്തമാക്കി. താന്‍ സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരനാണെന്നും കഴിഞ്ഞ ദിവസം അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് പരിഗണിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.
ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കുന്നതിനിടെ അഭിഭാഷകന്‍ തന്‍വീര്‍ അഹ്മദ് മീര്‍ ഷര്‍ജീലിന്റെ വിവാദ പ്രസംഗം വായിച്ചുകേള്‍പ്പിച്ചു. പ്രസംഗത്തില്‍ ഒരിടത്തും രാജ്യദ്രോഹപരമായ പരാമര്‍ശമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
2019 ഡിസംബര്‍ 13ന് ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലും ഡിസംബര്‍ 16ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. അസമിനെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയില്‍നിന്ന് ഒറ്റപ്പെടുത്തുമെന്ന അര്‍ത്ഥത്തില്‍ ‘ചക്കാ ജാം’ പരാമര്‍ശം നടത്തിയെന്നാണ് ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. കേസില്‍ 2020 ജനുവരി 28 മുതല്‍ ഷര്‍ജീല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
Comments are closed for this post.