2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘വിവരക്കേടോ വിദ്വേഷ പ്രചാരണമോ’; ലത മങ്കേഷ്‌ക്കര്‍ക്ക് ആദരമര്‍പ്പിച്ച ഷാരൂഖ് ഖാനെതിരെ തുപ്പല്‍ ആരോപണവുമായെത്തിയ ബി.ജെപി നേതാവിനെതിരെ സോഷ്യല്‍ മീഡിയ

മുംബൈ: കഴിഞ്ഞ ദിവസം ലത മങ്കേഷ്‌ക്കറുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും മാനേജര്‍ പൂജ ദദ്‌ലാനിയും രാജ്യത്തിന്റെ വാനനമ്പാടിക്ക് ആദരമര്‍പ്പിക്കുന്നതായിരുന്നു ആ ചിത്രം. ദുആ ചെയ്യുന്ന ഷാരൂഖും കൈകൂപ്പി പ്രര്‍ത്ഥിക്കുന്ന പൂജയും.

മനോഹരമായിരുന്നു ആ ചിത്രം. ‘വിഭാഗീയതയില്‍ മുങ്ങി നില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ്’ ഈ ചിത്രം എന്ന് വിലയിരുത്തി ഈ ചിത്രം. ഉള്ളംതൊട്ടതെന്നു പറഞ്ഞ് ആയിരക്കണക്കിനാളുകള്‍ അത് പങ്കുവെക്കുകയും ചെയ്തു.

 

   

എന്നാല്‍ അതിനിടക്കാണ് കടുത്ത വിഷമിറക്കി ബിജെ.പി നേതാവ് രംഗത്തെത്തിയത്. ഷാരൂഖ് ഖാന്‍ ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പി എന്നായിരുന്നു ഹരിയാ ബി.ജെ.പി നേതാവ് അരുണ്‍ യാദവിന്റെ ആരോപണം. സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ ഈ വിഢിത്തം ഏറ്റെടുക്കുകയും ചെയ്തു. പ്രാര്‍ത്ഥിച്ച ശേഷം മാസ്‌ക്ക് മാറ്റി ഊതിയത് കാണിച്ചാണ് ഈ പ്രചാരണം. ഇതിന് പിന്നാലെ ഷാരൂഖിനെതിരെ സൈബര്‍ ആക്രമണവും നടന്നു.

ഇതിനെതിരായി നിരവധിപേര്‍ രംഗത്തെത്തി. ഇത്രമേല്‍ വിവരക്കേടോ എന്നാണ് സേഷ്യല്‍ മീഡിയ ചോദിക്കുന്നത്. രാജ്യത്തിന്റെ മതമൈത്രിയെ സൂചിപ്പിക്കുന്ന സന്ദേശം ഷാരൂഖ് പങ്കുവെച്ചത് സംഘപരിവാറിന് രസിക്കാത്തതിനാലാണ് വ്യാജ പ്രചരണം നടത്തുന്നതെന്നും വിമര്‍ശനമുയരുന്നു.

 

‘ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു മുസ്‌ലിം സൂപ്പര്‍ സ്റ്റാര്‍. അദ്ദേഹം ലതാജിക്ക് ആദരമര്‍പ്പിക്കാനായി പോകുന്നു. പ്രര്‍ത്ഥിക്കുന്നു. ഊതുന്നു. വിശ്വാസവത്തിലും സ്‌നേഹത്തിലും അര്‍പ്പിതമായ ഒരു പ്രവൃത്തിയാണത്. വല്ലിപ്പമാരും വല്ലിമ്മമാരും രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ക്കു മേല്‍ ചെയ്യുന്ന ഒരു പ്രവൃത്തി. വധൂവരന്‍മാര്‍ പരസ്പരം ചെയ്യുന്ന ഒരു പ്രവൃത്തി. പരസ്പരം സ്‌നേഹിക്കുന്ന ആരും ചെയ്യുന്ന ഒരു പ്രവൃത്തി’ സിദ്‌റ എന്നയാള്‍ ട്വീറ്റ് ചെയ്യുന്നു.

 

ലത മങ്കേഷ്‌കറുടെ ഭൗതിക ശരീരം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംസ്‌കരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്‌കറിന്റെ സഹോദരിയും ഗായികയുമായ ആശാ ഭോസെ്‌ലെ, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തിരുന്നു.

 

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌ക്കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.