ബംഗളൂരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ ഞെട്ടിച്ചു നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ തിരിച്ചടി.
കര്‍ണാടകയിലെ പ്രമുഖ വിഭാഗമായ ലിംഗായത്ത് സമുദായ നേതാവും മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ വിശ്വസ്തനുമായിരുന്ന ഡി. തമ്മയ്യ ഉള്‍പെടെയുള്ള നേതാക്കളാണ് കൂടുമാറിയിരിക്കുന്നത്. ബി.ജെ.പി., ജെ.ഡി.എസ്. മുന്‍ എം.എല്‍.എമാരും പ്രബല സമുദായ നേതാക്കന്‍മാരുമാണു കോണ്‍ഗ്രസിലെത്തിയത്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിയുടെ ഉറ്റ അനുയായി കൂടിയായ ഡി.തമ്മയ്യ ഇന്നലെയാണു കോണ്‍ഗ്രസിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ കഴിയുള്ള ലിംഗായത്ത് വിഭാഗത്തിന്റെ ചിക്കമഗളുരുവിലെ നേതാവും കൂടിയാണു തമ്മയ്യ. സ്വന്തം നിലയ്ക്ക് പ്രചാരണം തുടങ്ങിയതിനുശേഷം സീറ്റില്ലെന്ന സൂചന കിട്ടിയതോടെയാണു തമ്മയ്യ കൈ പിടിച്ചത്.
കൂടുതല്‍ ബി.ജെ.പി നേതാക്കന്‍മാര്‍ പാര്‍ട്ടിയിലെത്തുമെന്നു പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പ്രഖ്യാപിച്ചതിനു പിറകെ മുന്‍ എം.എല്‍.എ. കിരണ്‍കുമാര്‍, വൊക്കലിംഗ നേതാവ് സന്ദേശ് നാഗരാജ്, ജെ.ഡി.എസ് നേതാവും തുമുകുരു മുന്‍എം.എല്‍.എയുമായ എച്ച്. നിംഗപ്പ എന്നിവരും പാര്‍ട്ടിയിലെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചിക്കമഗളുരുവില്‍ മാത്രം സീറ്റിനായി 13 ബി.ജെ.പി നേതാക്കന്‍മാര്‍ സമീപിച്ചെന്നാണു കോണ്‍ഗ്രസ് അവകാശവാദം. കൂടുതല്‍ രണ്ടാംനിര ബി.ജെ.പി നേതാക്കന്‍മാര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്നും ഡി.കെ. ശിവകുമാര്‍ അടക്കമുള്ളവര്‍ പരസ്യമായി പറയുന്നുണ്ട്.
Comments are closed for this post.