ന്യൂഡല്‍ഹി: തിങ്ങി നിറഞ്ഞ കോടതിമുറിയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞ് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ സുപ്രിം കോടതിയിലെ അവസാനത്തെ ഔദ്യോഗിക ദിവസമായ വെള്ളിയാഴ്ച അദ്ദേഹത്തെ യാത്രയാക്കി നടത്തിയ സംസാരത്തിലായിരുന്നു ദവെ വികാരഭരിതനായത്.
താങ്കള്‍ ഒരു സിറ്റിസണ്‍ ജഡ്ജായിരുന്നുവെന്ന് പറഞ്ഞു തുടങ്ങിയ ദവെ രാജ്യത്തെ വലിയ ജനവിഭാഗത്തിന് വേണ്ടി ജസ്റ്റിസ് രമണ എഴുന്നേറ്റു നിന്നുവെന്നും പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്ക് തന്നെ ദവെ നിയന്ത്രണം വിട്ടിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ സംസാരം മുഴുവനാക്കിയത്. പലയിടത്തും അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിഞ്ഞു.
”ചീഫ് ജസ്റ്റിസായി എന്‍.വി രമണ ചുമതലയേറ്റ ദിവസം ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘എല്ലാം നഷ്ടപ്പെട്ടു’ എന്നായിരുന്നു ലേഖനമെഴുതിയത്. ഏറെ ആത്മാര്‍ഥതയോടെ എഴുതിയതായിരുന്നു അത്. ഞാനൊരു പക്ഷേ വലിയൊരു ദോഷൈകദൃക്കാവാം. പക്ഷെ കോടതികള്‍ക്ക് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ ഈ കോടതിയെ മുന്നോട്ടുനയിച്ചു എന്ന് ഏറെ സംതൃപ്തമായ മനസോടെ പറയാന്‍ കഴിയും. ജസ്റ്റിസ് യു.യു ലളിത് അത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്” താനിത്രയും വൈകാരിമകമാവാനുള്ള കാരണം വിശദീകരിച്ച് ദവെ പറഞ്ഞു.
കോടതിക്കും ഭരണകൂടത്തിനും പാര്‍ലമെന്റിനുമിടയിലുള്ള സന്തുലനം കാത്തുസൂക്ഷിച്ചു. കോടതിയോടും അഭിഭാഷകരോടും വ്യക്തിപരമായി കോടതിയില്‍ നേരിട്ട് ഹാജരായ കക്ഷികളോടു പോലും ആദരവ് കാണിച്ചു. ആശ്ചര്യപ്പെടുത്തുന്ന ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചതിന് താങ്കളെന്നും ഓര്‍മിക്കപ്പെടുമെന്നും ദവെ പറഞ്ഞു.
Senior Advocate Dushyant Dave gets emotional and cries in Court Hall 1 at CJI NV Ramana farewell#SupreemCourt #SupremeCourtOfIndia #CJINVRamana #CJIRamana pic.twitter.com/dsZsp9796F
— Bar & Bench (@barandbench) August 26, 2022
ജസ്റ്റിസ് യു.യു ലളിത്, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഡ്വ. വികാസ് സിങ് തുടങ്ങിയവരും സംസാരിച്ചു.
അങ്ങേഅറ്റം പ്രക്ഷുബ്ധമായ സമയങ്ങളില്‍ സന്തുലനം കാത്തു സൂക്ഷിച്ചതിന് ഈ കോടതി താങ്കളെ ഓര്‍ക്കും- കപില്‍ സിബല്‍ പറഞ്ഞു. ഈ കോടതിയുടെ അന്തസ്സും സത്യസന്ധതയും കാത്തു സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് താങ്കള്‍ ഉറപ്പു വരുത്തി. സര്‍ക്കാര്‍ പോലും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരായി- കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ മുഖ്യന്യായാധിപനായി ഒന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജസ്റ്റിസ് എന്‍.വി രമണയുടെ പടിയിറക്കം. ജസ്റ്റിസ് യു.യു.ലളിത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേല്‍ക്കും.
Comments are closed for this post.