2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അര്‍ണബിന് നല്‍കിയ ആനുകൂല്യം തനിക്കും ലഭ്യമാക്കണം- ഹരജിയുമായി ഷര്‍ജീല്‍ ഇമാം സുപ്രിം കോടതിയില്‍

ഒരേ വിഷയത്തില്‍ നാല് വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഒന്നാക്കണമെന്നാണ് ആവശ്യം. ഹരജിയില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി നോട്ടിസ് അയച്ചു

ന്യൂഡല്‍ഹി: ഒരേ വിഷയത്തില്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഒന്നാക്കണമെന്ന ആവശ്യവുമായി ജെ.എന്‍.യു ഗവേഷണ വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം സുപ്രിം കോടതിയെ സമീപിച്ചു. ഷര്‍ജീലിന്റെ ഹരജിയില്‍ സുപ്രിം കോടതി നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.

ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് ഷര്‍ജീലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൗരത്വ നിയമ പ്രതിഷേധത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയേയും ചുമത്തി തടവിലാണ് ഷര്‍ജീല്‍.

മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയ്ക്ക് ഇതേ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും ഷര്‍ജീലിന്റെ അഭിഭാഷകനായ സിദ്ധാര്‍ഥ് ദവെ വാദിച്ചു.
തന്റെ കക്ഷിക്കെതിരെ കേസുകള്‍ രാഷ്ട്രീയപ്രേരിതമായി രജിസ്റ്റര്‍ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെ കേന്ദ്ര സര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. അര്‍ണബിന്റെ എഫ്.ഐ.ആറുകളെല്ലാം ഒന്നാണെന്നും ഷര്‍ജീലിന്റെ കാര്യത്തില്‍ അങ്ങനെ അല്ലെന്നും മേത്ത വാദിച്ചു. മെയ് ഒന്നിന് കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലിസിനോച് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് തയ്യാറാണെന്നും ബുധനാഴ്ച സമര്‍പ്പിക്കുമെന്നും മേത്ത കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

സി.എ.എ വിരുദ്ധ സമരത്തിനിടെ തീവ്ര പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് ജനുവരി 28 നാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. ബിഹാറിലെ ജെഹനാബാദില്‍ വെച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഷര്‍ജീലിന് മേല്‍ യു.എ.പി.എ ചുമത്തുകയും ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.