ന്യൂഡല്‍ഹി: ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേനാ നേതാവ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ഹരജി വെറും തെറ്റായ ധാരണക്കു മേല്‍ സമര്‍പ്പിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘നിങ്ങള്‍ക്കെങ്ങിനെയാണ് ഇങ്ങനെ വാദിക്കാന്‍ പോലും കഴിയുന്നത്. ഇത് കെട്ടിച്ചമക്കപ്പെട്ടതാണ്. ബി.ബി.സി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് കോടതിയെ സമീപിക്കാന്‍ കഴിഞ്ഞത്’ – കോടതി ചോദിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ബിബിസി ഡോക്യൂമെന്ററി നിര്‍മിച്ചതെന്നും ഇതിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ബിബിസി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഹരജിയിലുണ്ട്. ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഡോക്യൂമെന്ററിയെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹരജി സമര്‍പ്പിച്ചത്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദിക്വസ്റ്റ്യന്‍ വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബിബിസിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സമര്‍പ്പിച്ചത്.
അതേസമയം ബിബിസി ഡോക്യൂമെന്ററി നിരോധനത്തിനെതിരായ ഹരജികളില്‍ കേന്ദ്രത്തിന് സുപ്രിം കോടതി ഫെബ്രുവരി 3ന് നോട്ടിസ് അയച്ചിരുന്നു. ബിബിസി ഡോക്യുമെന്ററിക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹ്വ മൊയ്ത്ര എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചത്. ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പൗരന്റെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് ഹരജികളിലെ വാദം.
Comments are closed for this post.