തന്റെ ആദ്യ ഉംറയുടെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണി. കുടുംബത്തോടൊപ്പമാണ് താരം ഉംറ നിര്‍വ്വഹിക്കാനെത്തിയത്. ഉംറ അനുഭവം സഞ്ജന തന്റെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ വിവരിക്കുന്നുണ്ട്. 2020ലാണ് കന്നഡ, തെലുഗു സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായ നടി സഞ്ജന ഗല്‍റാണി ഇസ്‌ലാം സ്വീകരിക്കുന്നത്.
കുടുംബത്തോടൊപ്പമുള്ള ഉംറ അതിമനോഹരമായ ഒരുനുഭവമായിരുന്നുവെന്ന് അവര്‍ കുറിച്ചു. മക്കയിലെ താമസമുറിയില്‍ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാവുന്ന തരത്തിലായിരുന്നു താമസം ഒരുക്കി തന്നതെന്നും സഞ്ജന പറഞ്ഞു. കഅ്ബയെ മുന്നില്‍ നിര്‍ത്തി അഞ്ച് സമയ നമസ്‌കാരം എളുപ്പത്തില്‍ നിര്‍വ്വഹിക്കാനായ സന്തോഷവും സഞ്ജന പങ്കുവെച്ചു.
ഉംറ നിര്‍വ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചെലവഴിച്ചു. ഇസ്‌ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിര്‍വ്വഹിച്ചതെന്നും സഞ്ജന ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചതായും സഞ്ജന പറഞ്ഞു.
ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന ഇസ്‌ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു.ബംഗളൂരുവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന അസീസ് പാഷയാണ് സഞ്ജനയുടെ ഭര്‍ത്താവ്. അടുത്തിടെ ഉംറ നിര്‍വ്വഹിക്കാന്‍ പോവുന്നതിന് മുമ്പായി സഞ്ജന തന്റെ ഇസ്‌ലാം ആശ്ലേഷണത്തെ കുറിച്ച് മനസ്സുതുറന്നിരുന്നു. ജന്മം കൊണ്ട് ഹിന്ദുവായ താന്‍ ക്രിസ്ത്യന്‍ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്നും നിരവധി ചാപ്പലുകള്‍ ഇതിനിടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പറഞ്ഞു. പിന്നീട് ഇസ്‌ലാമില്‍ ആകൃഷ്ടയായി മുസ്‌ലിമായ അസീസ് പാഷയെ വിവാഹം കഴിച്ചു. ഇപ്പോള്‍ സമാധാനപരമായ ജീവിതമാണ് നയിക്കുന്നത്. മതേതര ജീവിതം നയിക്കുന്നതിനാല്‍ മതേതരമല്ലാത്ത ആളുകളാല്‍ വിലയിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെയും കുടുംബത്തെയും മോശക്കാരായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സഞ്ജന പറഞ്ഞു.
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. കാസനോവ, കിങ് ആന്‍ഡ് കമ്മീഷണര്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സഞ്ജന. 2006ല്‍ പുറത്തിറങ്ങിയ ഒരു കാതല്‍ സെയ്‌വീര്‍ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്. 2008ല്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തില്‍ പ്രഭാസിനും തൃഷയ്ക്കുമൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. ഇതൊരു ചെറിയ വേഷമായിരുന്നുവെങ്കിലും സഞ്ജനയ്ക്ക് പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞു. മിലരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കന്നഡ സിനിമാ ലോകത്തു പ്രശസ്തയായി.
Comments are closed for this post.