ന്യൂഡല്‍ഹി: ദുരന്തങ്ങള്‍ എന്നും സ്‌നേഹത്തിന്റെ കൂട്ടിരിപ്പുകളാവാറുണ്ട്. ചേര്‍ത്തു പിടിക്കലുകളും. കൊവിഡും മറിച്ചല്ല. അതുകൊണ്ടാണ് വിഷം കലക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെയെല്ലാം വകഞ്ഞുമാറ്റി സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെ ഇളംകാറ്റ് വീശുന്നത്.
അങ്ങ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നും വരുന്നുണ്ട്. ഇത്തരം സ്‌നേഹത്തിന്റെയും ചേര്‍ത്തുവെക്കലിന്റെയും വാര്‍ത്തകള്‍. നിരവധി ഹിന്ദു മതവിശ്വാസികളുടെ മൃതദേഹങ്ങള്‍ ആചാരപ്രകാരം സംസ്‌ക്കരിച്ച ഒരു കൂട്ടം മുസ്‌ലിം യുവാക്കളെ കുറിച്ചുള്ളതാണ് അതിലൊന്ന്. റമദാന്‍ നോമ്പുമെടുത്താണ് ഇവര്‍ തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗ്രാഫിക് ഡിസൈനറായ ഇംദാദ് ഇമ്രാന്റെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ രംഗത്തെത്തിയത്. ഏഴ് ഹിന്ദു മത വിശ്വാസകളെയാണ് ഇവര്‍ സംസ്‌ക്കരിച്ചത്. മുപ്പതോളം മുസ്‌ലിങ്ങളേയും ഇവര്‍ ഖബറടക്കി. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കള്‍ കൂടെയില്ലാത്തവരായിരുന്നു ഇവരില്‍ പലരും. പലരുടേയും ബന്ധുക്കള്‍ സ്ഥലത്തില്ല. ചിലര്‍ കൊവിഡ് രോഗികളാണ്- 33കാരനായ ഇംദാദ് പറയുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങള്‍ ഈ രംഗത്തുണ്ടെന്നും ഇംദാദ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 21 ന് സീതാപൂര്‍ റോഡിലെ ഭാരത് നഗറില്‍ നിന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ കൊവിഡ് മൂലം മരിച്ചുവെന്നും മൂന്ന് ദിവസമായി മൃതദേഹം കിടക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. മുകളില്‍ വാടകക്ക് താമസിച്ചിരുന്നവര്‍ മൂന്ന് ദിവസമായി അവരെ കണ്ടിട്ടില്ലെന്നും ഒരു ശബ്ദവും കേട്ടില്ലെന്നും ഒരു ദുര്‍ഗന്ധമുണ്ടെന്നും പറഞ്ഞു. തനിക്കുണ്ടായ ഒരനുഭവം ഇംദാദ് പങ്കുവെക്കുന്നു.
നേരത്തെയും രാജ്യത്ത് മാനവികതയുടെ കരുത്ത് വിളിച്ചോതുന്ന ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ ഹിന്ദു സുഹൃത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ഒരു മുസ്‌ലിം യുവീവ് 400 കിലോമീറ്റര്‍ യാത്ര ചെയ്തത് അതിലൊന്നാണ്.
Comments are closed for this post.