2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നു

ന്യൂഡല്‍ഹി: അങ്ങേ അറ്റം മലിനമായ വായുവില്‍ തലസ്ഥാന നഗരിക്ക് ശ്വാസം മുട്ടുന്നു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നതായാണ് റിപ്പോര്‍ട്ട് .വായു ഗുണനിലവാര സൂചിക 382 ലെത്തി. ചിലയിടങ്ങളില്‍ അത് 400ന് മുകളിലെത്തിയിട്ടുണ്ട്.

ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 334 ആയിരുന്നു. അതാണിപ്പോള്‍ 382 ആയി ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്. ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ദീപാവലി ദിനത്തിലെ വെടിമരുന്നുകളുടെ ഉപയോഗവും വയലുകളിലെ തീയിടലുമാണ് വായുമലിനീകരണം ഇത്രയും രൂക്ഷമാകാന്‍ കാരണം. മലിനീകരണത്തെ തുടര്‍ന് യമുന നദിയില്‍ വിഷപ്പത പൊങ്ങിയിരുന്നു. വെള്ളത്തിന് മുകളില്‍ അടിഞ്ഞുകൂടിയ നിലയിലാണ് വിഷപ്പത. ഛഠ് പൂജക്ക് മുന്നോടിയായി യമുന നദിയിലെ വിഷപ്പത ബോട്ടുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്.

മോശം വായുനിലവാരമുള്ള നഗരങ്ങളില്‍ ഒന്നാമത്


കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ശനിയാഴ്ച രാവിലത്തെ കണക്കുപ്രകാരം ഏറ്റവും മോശം വായുനിലവാരമുള്ള 10 നഗരത്തിന്റെ പട്ടികയില്‍ ഡല്‍ഹി ഒന്നാംസ്ഥാനത്താണ്. ഡല്‍ഹിയിലെ വായുനിലവാരസൂചിക (എക്യുഐ) പ്രകാരം സ്ഥിതി അതീവഗുരുതരം (533) ആണ്. വരുംദിവസങ്ങളില്‍ ‘തീരെ മോശം’ എന്ന നിലയിലേക്ക് വായുനിലവാരം മാറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ശ്വാസകോശത്തിന് അപകടമുണ്ടാക്കുന്ന മലിനീകരണവസ്തുക്കളായ പിഎം 2.5, പിഎം 10 തുടങ്ങിയവയുടെ സാന്നിധ്യം വലിയ അളവിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തലസ്ഥാനത്ത് കുടുംബത്തില്‍ അഞ്ചില്‍ നാലുപേരും മലിനീകരണത്തിന്റെ കെടുതി അനുഭവിക്കുന്നവര്‍
തലസ്ഥാനവാസികളില്‍ അഞ്ചില്‍ നാലുപേരെയും വായുമലിനീകരണം അലട്ടുന്നതായി സര്‍വേ. വായുമലിനീകരണത്തിന്റെ ഫലമായി ഒന്നോ അതിലധികമോ ശാരീരികപ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന പേരിലുള്ള കമ്യൂണിറ്റി സോഷ്യല്‍ മീഡിയ വേദി സംഘടിപ്പിച്ചതാണ് സര്‍വേ.

ഡല്‍ഹി, ഗുഡ്ഗാവ്, നോയ്ഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍നിന്നായി 34,000 പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഇതില്‍ 66 ശതമാനം പേര്‍ പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണെന്ന് സംഘാടകര്‍ അറിയിച്ചു.

തൊണ്ടവേദന, ചുമ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെന്ന് 16 ശതമാനം പേര്‍ പറഞ്ഞു. മൂക്കൊലിപ്പ്, കണ്ണുവേദന, നെഞ്ചുകെട്ടല്‍ തുടങ്ങിയവ അനുഭവിക്കുന്നുണ്ടെന്ന് 16 ശതമാനം പേര്‍ വെളിപ്പെടുത്തി. ശ്വാസതടസ്സം നേരിടുന്നവരും കുറവല്ല. ഇതിനകം ഡോക്ടറെ കണ്ടതായി 22 ശതമാനം പേര്‍ വെളിപ്പെടുത്തി. ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്ന് 20 ശതമാനം പേരും പറഞ്ഞു. മൊത്തമായി വിലയിരുത്തിയാല്‍ കുടുംബത്തിലെ അഞ്ചില്‍ നാലുപേര്‍ക്കും എന്തെങ്കിലും പ്രശ്‌നങ്ങള്‍ വായുമലിനീകരണത്തിന്റെ ഭാഗമായി അലട്ടുന്നുണ്ടെന്നാണ് സര്‍വേഫലം.

മലിനീകരണം കുറക്കാന്‍ അഞ്ചിന പദ്ധതി
ഡല്‍ഹിയില്‍ വായു മലിനീകരണം കുറക്കുന്നതിനായി എ.എ.പി സര്‍ക്കാര്‍ അഞ്ചിന പദ്ധതി തയാറാക്കിയതായി സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞിട്ടുണ്ട് . പദ്ധതികള്‍ അടുത്തുതന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായു മലിനീകരണം കുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

തുറസായ സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് ഒഴിവാക്കാന്‍ നവംബര്‍ 11 മുതല്‍ ഡല്‍ഹിയില്‍ ആന്റി ഓപ്പണ്‍ ബേര്‍ണിങ് കാമ്പയിന്‍ സംഘടിപ്പിക്കും. രണ്ടാംഘട്ടത്തില്‍ പൊടി മലിനീകരണം കുറക്കുന്നതിനായി ആന്റി ഡസ്റ്റ് കാമ്പയിനും സംഘടിപ്പിക്കും. പൊതു ഗതാഗതത്തെ പ്രോത്സാഹിപ്പിക്കും. കല്‍ക്കരി, ചൂളകള്‍ തുടങ്ങിയവയിലെ തീ നിയന്ത്രിക്കും. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.