
ന്യൂഡല്‍ഹി: കന്‍വാര്‍ തീര്‍ഥയാത്ര നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.പി സര്‍ക്കാറിനോട് സുപ്രിം കോടതി.
മതവികാരത്തേക്കാള്‍ വലുത് പൊതുജനങ്ങളുടെ ആരോഗ്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കന്‍വാര്‍ യാത്രയില്‍ യു.പി സര്‍ക്കാര്‍ തീരുമാനം അറിയിക്കണം.
കന്‍വാര്‍ യാത്ര നടത്താനുള്ള യു.പി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാറും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കന്‍വാര്‍ യാത്രക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. വിശ്വാസികള്‍ക്ക് സമീപത്തെ ക്ഷേത്രങ്ങളില്‍ ഗംഗാജലം എത്തിച്ച് നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
നേരത്തെ ഉത്തരാഖണ്ഡ് കന്‍വാര്‍ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, യു.പി കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കുകയായിരുന്നു.