2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഞങ്ങള്‍ ഒന്നിച്ച്’ പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഖാര്‍ഗെയും രാഹുലുമായി കൂടിക്കാഴ്ച നടത്തി ശരത് പവാര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കുടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

‘എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തേണ്ടതുണ്ട്. മമത, കെജ്‌രിവാള്‍ തുടങ്ങി എല്ലാവരേയും പോയി കാണുകയും സംസാരിക്കുകയും വേണം. ഞങ്ങള്‍ മുന്നോട്ടു പോവും. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാന്‍ എല്ലാവരുമായും സംസാരിക്കും’ കൂടിക്കാഴ്ചക്ക് ശേഷം ശരത് പവാര്‍ പറഞ്ഞു.

ശരത് പവാര്‍ മുംബൈയില്‍ നിന്നും തങ്ങളെ കാണാനെത്തിയത് ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് ഖാര്‍ഗെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം താനും രാഹുലും നിതീഷ് കുമാറുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടന സുരക്ഷിതമാക്കുന്നതിനും അഭിപ്രായ സ്വാതന്ത്രത്തിനും യുവാക്കള്‍ക്ക് തൊഴിലിനും സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും എതിരായി പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

   

പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് നില്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഞങ്ങളെല്ലാം അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം പ്രതിപക്ഷത്തിന്റെ നിലപാടില്‍ നിന്നുള്ള വിഭിന്ന സമീപനം പവാര്‍ സ്വീകരിച്ചിരുന്നു. ഇത് എന്‍.സി.പി ബി.ജെ.പിയിലേക്ക് പോകുമോ എന്ന അഭ്യൂഹം പ്രചരിക്കുന്നതിനും ഇടയാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.