
ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ കോണ്‍ഗ്രസ് എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബലപ്രയോഗവുമായി ഇന്നും ഡല്‍ഹി പൊലിസ്. എം.പിമാരുള്‍പെടെ നേതാക്കളെ വലിച്ചിഴച്ചാണ് സമരമുഖത്തു നിന്ന് നീക്കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കി. ബലം പ്രയോഗിച്ചാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് മാര്‍ച്ചിന് നേതൃത്വംനല്‍കിയത്. കായികമായി നേരിട്ടാലും പ്രതിഷേധം തുടരുമെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധത്തിന് എത്തിയത്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാജ്യവ്യാപക പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്. എം.പിമാര്‍ വിജയ് ചൗക്കില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കാനുമാണ് തീരുമാനിച്ചിരുന്നത്. രണ്ട് മാര്‍ച്ചുകള്‍ക്കും ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
കനത്ത പൊലിസ് സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തെയും നേതാക്കളെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിടാതെ പിന്തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.