
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കാത്തതില് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. നിയമവിരുദ്ധമായി രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ ജനാധിപത്യത്തെ നശിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് അദ്ദേഹം തന്രെ ട്വീറ്റില്‍ കുറ്റപ്പെടുത്തി. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
‘രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടവിലാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ 2019 ആഗസ്റ്റ് അഞ്ചിനാണ് മെഹ്ബൂബ മുഫ്തിയടക്കം വിവിധ രാഷ്ട്രീയ നേതാക്കളെ കേന്ദ്രം തടവിലാക്കിയത്. തടവിലായിരുന്ന ഒമര്‍ അബ്ദുള്ളയും ഫാറൂഖ് അബ്ദുല്ലയും അടക്കമുള്ള നേതാക്കളെ മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ്.
India’s democracy is damaged when GOI illegally detains political leaders.
It’s high time Mehbooba Mufti is released.
— Rahul Gandhi (@RahulGandhi) August 2, 2020
വരുന്ന ആഗസ്റ്റ് അഞ്ചിന് മെഹ്ബൂബയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെ മൂന്ന് മാസത്തേക്ക് കൂടി തടവ് നീട്ടികൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടാം തവണയാണ് മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് ഒന്നും മിണ്ടരുതെന്ന് കാണിച്ച് നല്കിയ കരാറില്‍ ഒപ്പിടാന്‍ നിഷേധിച്ചതിനാലാണ് മെഹ്ബൂബയ്ക്ക് മോചനം നിഷേധിക്കുന്നതെന്ന് മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചിരുന്നു. എന്നാല്‍ പൊതു സുരക്ഷാ നിയമമാണ് തടങ്കല്‍ നീട്ടാന്‍ കാരണമായി ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
Comments are closed for this post.