2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബംഗളൂരു മയക്കുമരുന്ന് കേസ്: കന്നഡ നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍

ബംഗളുരു: ബംഗളൂരു മയക്കു മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍. യെലഹങ്കയിലെ ഫ്‌ലാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച രാഗിണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. ബംഗുളുരു എലഹങ്കയിലെ ഫ്‌ലാറ്റില്‍ ഇന്ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

രാഗിണിയുടെ നാല് മൊബൈല്‍ ഫോണുകള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഫോണില്‍ നിന്നും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. രാഗിണിയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.സി.ബി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇവര്‍ ഹാജരായിരുന്നില്ല. പിന്നീട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നടി രാഗിണി ദ്വിവേദി കൂടുതല്‍, സമയം ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ സംഘം അനുമതി നല്‍കിയിരുന്നില്ല. ഇന്നു തന്നെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് നടിയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് ആരംഭിച്ചത്.

രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്‍.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കര്‍. മയക്കുമരുന്ന് കേസില്‍ മറ്റൊരു നടിയായ സഞ്ജന ഗല്‍റാണിയേയും ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

   

കന്നഡ സിനിമ മേഖലയിലെ 12ഓളം പ്രമുഖര്‍ക്ക് കൂടി നോട്ടിസ് അയച്ചേക്കുമെന്നാണ് സൂചന. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ ലങ്കേഷിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി സിനിമ മേഖലയില്‍ നിന്നുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

കുറ്റക്കാരായി കണ്ടെത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും. ലഹരി ഉപയോഗം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.