2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കര്‍ഷകരുടെ തിരിച്ചടി; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരിനു പോലുമില്ലാതെ ബി.ജെ.പി

അമൃത്സര്‍: പഞ്ചാബിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി. ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മിക്ക ഭരണസ്ഥാപനങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ശിരോമണി അകാലിദളിനും വന്‍ തിരിച്ചടിയാണ്. കര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിന്റെ പ്രതിഫലനമായിട്ടാണ് ഈ തെരഞ്ഞെടുപ്പനെ വിലയിരുത്തുന്നത്.

എട്ട് കോര്‍പറേഷനുകളില്‍ എട്ടിടത്തും കോണ്‍ഗ്രസാണ് മുമ്പില്‍ നില്‍ക്കുന്നത്. 109 കൗണ്‍സിലുകളില്‍ 63 ഇടത്തും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. എട്ടിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് ആം ആദ്മി പാര്‍ട്ടിയും മുമ്പിട്ടു നില്ക്കുന്നു. ബി.ജെ.പിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. നാലിടത്ത് സ്വതന്ത്രര്‍ക്കാണ് മേല്‍ക്കൈ. 77 ഇടത്തെ ഫലങ്ങളാണ് ഇതുവരെ പുറത്തു വന്നത്.

ഭതിണ്ഡ മുനിസിപ്പല്‍ കോര്‍പറേഷനിലെ അമ്പത് സീറ്റില്‍, 30 ഇടത്തെ ഫലം പുറത്തുവരുമ്പോള്‍ 25 സീറ്റിലും കോണ്‍ഗ്രസാണ് മുമ്പില്‍. അഞ്ചിടത്ത് അകാലിദള്‍ ലീഡ് ചെയ്യുന്നു. എഎപിക്കും ബിജെപിക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല. ഹോഷിയാപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 50 സീറ്റില്‍ 41 ഇടത്തും കോണ്‍ഗ്രസാണ് മുമ്പില്‍. അകാലിദള്‍ 2, ബിജെപി 4, എഎപി 0, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ ലീഡ് നില.

അഭോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ അമ്പത് സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്ത് അകാലിദളും. മോഗയിലെ 50 സീറ്റില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും അകാലിദള്‍ 15 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഒരിടത്തു മാത്രമാണ് മുമ്പില്‍ നില്‍ക്കുന്നത്. രാജ്പുരയിലെ 31 സീറ്റില്‍ 27 ഇടത്തും കോണ്‍ഗ്രസ് മുമ്പിലാണ്.

ഗുര്‍ദാസ്പൂരിലെ 29 സീറ്റിലും കോണ്‍ഗ്രസ് തന്നെയാണ് മുമ്പില്‍. ശ്രീഹര്‍ഗോബിന്ദ്പൂരിലെ 11 സീറ്റില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഏഴിടത്ത് സ്വതന്ത്രരും. ഗുരുദാസ്പൂരിലെ 29 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി എംപി സണ്ണി ഡിയോളിന്റെ മണ്ഡലമാണ് ഗുരുദാസ്പൂര്‍. ഭവാനിഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 15ല്‍ 13 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.

എട്ട മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.