2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘ചാണക്യന്‍മാര്‍ ഇന്ന് ലഡു കഴിക്കട്ടെ, മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്’ ഉദ്ദവ് താക്കറെയെ പിന്തുണച്ച് പ്രകാശ് രാജ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഉദ്ധവ് താക്കറേക്ക് പിന്തുണയുമായി പ്രമുഖ നടന്‍ പ്രകാശ് രാജ്. ഉദ്ധവ് രാജി വച്ച് ഏക്‌നാഥ് ഷിന്‍ഡേ അധികാരത്തിലേറിയതിന് പിറകേയാണ് താരത്തിന്റെ പ്രതികരണം. ഉദ്ധവ് ചെയ്തത് മഹത്തായ കാര്യമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉദ്ധവിനൊപ്പമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘നിങ്ങള്‍ ചെയ്തത് മഹത്തായ കാര്യമാണ് സര്‍. മഹാരാഷ്ട്രക്ക് വേണ്ടി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്ന് എനിക്കുറപ്പുണ്ട് . ചാണക്യന്മാര്‍ ഇന്ന് ലഡു കഴിച്ചേക്കാം.. എന്നാല്‍ നിങ്ങളുടെ ആത്മാര്‍ത്ഥ എക്കാലവും നിലനില്‍ക്കും’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

ഒരു അധിക്ഷേപത്തെ എങ്ങിനെയാണ് നിങ്ങള്‍ അധിക്ഷേപിക്കുക ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗില്‍ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പരിഹസിച്ചു. സ്വാതി ചതുര്‍വേദിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അവരെന്തു തീരുമാനിക്കാനാണ് അവരുടെ സുപ്രിം ലീഡറും ചാണക്യനും എല്ലാം നേരത്തെ തന്നെ തീരുമാനിച്ചതല്ലേ ഇന്ദിരാ ജയ്‌സിങ്ങിന്റെ ട്വീറ്റ് പങ്കുവെച്ച് അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസമാണ് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം.

ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി അധികാരത്തിലേറിയത്. 16 എം.എല്‍.എമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.

ബി.ജെ.പി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ താമസിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിനൊടുവിലാണ് ഉദ്ദവ് സര്‍ക്കാര്‍ വീണത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.