2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് വേണ്ടതു പോലെ വൈദ്യുതി നല്‍കാത്തതാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം’; പുതിയ കണ്ടെത്തലുമായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി

ഹുബ്ലി: കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വേണ്ടതു പോലെ വൈദ്യുതി നല്‍കാത്തതാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന്. ബി.ജെ.പി നേതാവും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ പ്രഹ്ളാദ് ജോഷിയുടെ കണ്ടെത്തല്‍. ഹസ്സന്‍ ജില്ലയിലെ ബെല്ലൂരില്‍ ബി.ജെ.പിയുടെ വിജയ് സങ്കല്‍പ യാത്രയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തിനെതിരെയാണ് പരാമര്‍ശം.

‘ഭരണകാലത്ത് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി നല്‍കിയില്ല. ശരിയായ രീതിയില്‍ വൈദ്യതി നല്‍കാത്തത് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിനിടയാക്കി’. പ്രഹ്ളാദ് ജോഷി പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജധ്വനി ബസ് യാത്രക്കിടെയായിരുന്നു കോണ്‍ഗ്രസിന്റെ സൗജന്യ വൈദ്യുതി പരാമര്‍ശം. ഗൃഹ ജ്യോതി യോജന എന്നാണ് പദ്ധതിക്ക് കോണ്‍ഗ്രസ് നല്‍കിയ പേര്. ദലിതര്‍ക്കോ പിന്നാക്കവിഭാഗങ്ങള്‍ക്കോ മാത്രമല്ല ജാതിമത വിവേചനമില്ലാതെ എല്ലാവര്‍ക്കും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയുടെ ചോദ്യം.

‘ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് അവര്‍ സംസ്ഥാനത്ത് സൗജന്യ വൈദ്യുതി നല്‍കുമെന്നാണ്. കോണ്‍ഗ്രസ് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അവര്‍ ഭരിച്ചിരുന്ന കാലത്ത് വൈദ്യുതി നല്‍കിയിട്ടില്ല. അക്കാലത്ത് ഗ്രാമങ്ങളില്‍ വൈദ്യുതി എന്ന സംവിധാനം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ തുടങ്ങി. അന്ന് കോണ്‍ഗ്രസ് വൈദ്യുതി നല്‍കാതിരുന്നതിന്റെ ഫലമാണ് രാജ്യത്ത് ഇന്ന് കാണുന്ന ഉയര്‍ന്ന ജനസംഖ്യാ നിരക്ക്,’ പ്രഹ്ളാദ് ജോഷി പറയുന്നു.

അതേസമയം മേയിലായിരിക്കും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് റാലികളും മറ്റ് പരിപാടികളും ശക്തമാക്കുകയാണ് ഇരു പാര്‍ട്ടികളും.

കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട് സമനില തെറ്റിപ്പോയിരിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രഹ്ളാദ് ജോഷി നടത്തിയ പരാമര്‍ശം. കോണ്‍ഗ്രസിനെതിരെ ശക്തമായ അഴിമതി ആരോപണവും മന്ത്രി ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രഹ്ളാദ് ജോഷി രംഗത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.