2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

NPR=NRC: എന്‍.ആര്‍.സി പട്ടിക തയ്യാറാക്കുക എന്‍.പി.ആര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി; രാജ്യസഭാ രേഖ പുറത്തുവിട്ട് യെച്ചൂരി

 

ന്യൂഡല്‍ഹി: എന്‍.ആര്‍.സി പട്ടിക തയ്യാറാക്കുന്നത് എന്‍.പി.ആര്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവിട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍.ആര്‍.സിയുമായി എന്‍.പി.ആറിന് ബന്ധമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതേ സര്‍ക്കാരിന്റെ തീരുമാനമായി രാജ്യസഭാ രേഖയില്‍ പറയുന്ന കാര്യത്തില്‍ ഇതു വ്യക്തമാണെന്നും യെച്ചൂരി ചൂണ്ടിക്കാണിക്കുന്നു.

2014 ജൂലൈ 23ന് ബി.കെ ഹരിപ്രസാദ് എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍.പി.ആര്‍ പദ്ധതിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചോദ്യം. 1955 ലെ പൗരത്വ നിയമം അനുസരിച്ചാണ് എന്‍.പി.ആര്‍ നടത്തുന്നതെന്ന് വ്യക്തമാക്കി തുടങ്ങുന്ന ഉത്തരത്തില്‍ അവസാന പാരഗ്രാഫില്‍ എന്‍.ആര്‍.സിയുമായുള്ള ബന്ധവും പറയുന്നുണ്ട്.

‘രാജ്യത്തെ ഓരോ വ്യക്തിയുടെയും പൗരത്വ സ്ഥിതി നിര്‍ണയിച്ചുള്ള എന്‍.പി.ആര്‍ പദ്ധതിക്ക് കീഴില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് ഇന്ത്യന്‍ സിറ്റിസണ്‍സ് (എന്‍.ആര്‍.ഐ.സി) ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്’- അവസാന പാരഗ്രാഫില്‍ പറയുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം കള്ളമാണെന്ന് കൂടിയാണ് ഈ രേഖ തെളിയിക്കുന്നത്. 2014 മുതല്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ എന്‍.ആര്‍.സിയെപ്പറ്റി പറഞ്ഞിട്ടില്ലെന്നായിരുന്നു മോദിയുടെ വാദം. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ ഇത് പലവട്ടം പറഞ്ഞിരുന്നു. അതുകൂടാതെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രാജ്യസഭാ രേഖയും.

എന്‍.ആര്‍.സിയെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാര്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 12 മുഖ്യമാര്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. കേരളവും പശ്ചിമബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. എന്‍.ആര്‍.സിയെ എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരോടും എന്‍.പി.ആര്‍ ഉപേക്ഷിക്കാന്‍ അപേക്ഷിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.