ഭോപ്പാല്‍: സംഘ്പരിവാര്‍ നടത്തിയ അതിക്രമങ്ങള്‍ക്കൊപ്പം ബുള്‍ഡോസറുമായി സര്‍ക്കാര്‍ നേരിട്ടു തന്നെ രംഗത്തിറങ്ങിയപ്പോള്‍ മധ്യപ്രദേശില്‍ പെരുവഴിയിലായത് നിരവധി കുടുംബങ്ങള്‍. കല്ലേറ് നടത്തിയെന്ന ആരോപിച്ച സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ തകര്‍ത്തെറിഞ്ഞത് അവരുടെ ജീവിതവും ജീവനോപാധികളുമായിരുന്നു. വീടുകള്‍ തകര്‍ക്കപ്പെട്ടവരില്‍ പലരും തലചായ്ക്കാന്‍ ഒരിടമില്ലാതെ അലയുകയാണ്. എരുമത്തൊഴുത്തിലൊക്കെയാണ് പലരും കഴിയുന്നത്.
രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ കടന്നുപോയ റാലികളില്‍ പ്രകോപന മുദ്രാവാക്യം വിളികളും പള്ളികള്‍ അക്രമിക്കലും അടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റത്തിനെതിരായ നീക്കം എന്നാണ് ജില്ലാ ഭരണകൂടം ഇതിനെ ന്യായീകരിച്ചത്.
അധികൃതര്‍ തകര്‍ത്ത വീടുകളില്‍ ‘പ്രധാനമന്ത്രി ആവാസ് യോജന’ പ്രകാരം ലഭിച്ച വീടും ഉണ്ടായിരുന്നു. ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത് അയല്‍വാസിയുടെ എരുമത്തൊഴുത്തില്‍ ആണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പി.എം ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം നിര്‍മ്മിച്ച വീട്, ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അംജദ് ഖാന്‍ എന്നയാളുടെ വീടായിരുന്നു ഇത്.
സ്വന്തം വീട് നഷ്ടപ്പെട്ടതോടെ മറ്റുള്ളവരുടെ കാരുണ്യത്തില്‍ ജീവിക്കാന്‍ കുടുംബം നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വ്രത മാസത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഇടമെങ്കിലും കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് കുടുംബത്തിലെ സ്ത്രീകള്‍.
‘ആളുകള്‍ തരുന്നതെന്തും ഞങ്ങള്‍ ഭക്ഷിക്കും. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളം സംഭരിക്കാന്‍ ഒരു ബക്കറ്റ് പോലുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ എല്ലാം ഉണ്ടായിരുന്നിട്ടും, ഞങ്ങള്‍ ഇപ്പോള്‍ മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത് ‘ -അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സന്ദര്‍ശിച്ച് ഭക്ഷണവും പാര്‍പ്പിടവും ലഭിക്കുന്ന ഒരു ‘ധര്‍മശാല’യിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മാറാന്‍ തയ്യാറായില്ലെന്നും ഖാന്‍ അറിയിച്ചു. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, ‘എനിക്ക് സര്‍ക്കാരിനെ ഇനി വിശ്വസിക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഖാന്റെ മറുപടി.
എന്നാല്‍ ജില്ലാ കലക്ടര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:
‘അവര്‍ മറ്റൊരു സ്ഥലത്ത് താമസിക്കുകയും പി.എം.എ.വൈ വീട് പശുസംരക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്തു. താമസ ആവശ്യത്തിനാണ് വീട് അനുവദിച്ചതെങ്കിലും പരിശോധനയില്‍ കെട്ടിടം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. കൃത്യമായ പരിശോധന നടത്തി തഹസില്‍ദാരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് വീട് പൊളിച്ചതെന്നും കലക്ടര്‍ ന്യായീകരിക്കുന്നു.
Comments are closed for this post.